വിത്തുത്സവം: സാംസ്കാരിക സദസ്സ് ഇന്ന് (23) മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും
കഞ്ഞിക്കുഴിയില്‍ ആരംഭിച്ച സംസ്ഥാനതല പരമ്പരാഗത
വിത്തുത്സവത്തിൻ്റെ ഭാഗമായി ഇന്ന് (ഫെബ്രുവരി 23) വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സാംസ്കാരിക സദസ്സും കലാകാരന്മാർക്കുള്ള ആദരവും പുരാവസ്തു, രജിസ്ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി പി ദിലീപ് അധ്യക്ഷനാകും. കേന്ദ്ര സംഗീത നാടക അക്കാദമി അംഗം വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യപ്രഭാഷണം നടത്തും.
രാവിലെ 10മണിക്ക് പി പി സ്വാതന്ത്ര്യം സ്മാരക കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിക്കുന്ന യുവകർഷക സംഗമം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ നാസർ ഉദ്ഘാടനം ചെയ്യും. ഹരിതമിത്ര അവാർഡ് ജേതാവ് എസ് പി സുജിത്ത് അധ്യക്ഷനാകും. സംസ്ഥാനതല ഹൈടെക് കർഷക അവാർഡ് ജേതാവ് തൻവീർ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. രാവിലെ 10.30 മുതൽ കഞ്ഞിക്കുഴി സിഡിഎസ് ഹാളിൽ ആരംഭിക്കുന്ന സെമിനാറുകൾ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 'പരിസ്ഥിതി സംരക്ഷണത്തിന് ആദിവാസി കൃഷിരീതികുളടെ പങ്ക്' എന്ന സെമിനാറിൽ ഡെപ്യൂട്ടി ഡയറക്ടർ എസ്ബിസിഎൽ ആൻഡ് അഡ്വൈസർ ആതിരപ്പള്ളി ട്രൈബൽ വാലി പ്രോജക്ട് എസ് എസ് സാലുമോൻ, അട്ടപ്പാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ സി ആർ രേഖ എന്നിവർ വിഷയാവതരണം നടത്തും. 'ആദിവാസി മേഖലയിലെ ചെറുധാന്യ കൃഷിയുടെ സാധ്യതകൾ' എന്ന സെമിനാറിൽ തിരുവനന്തപുരം കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലതാ ശർമ്മ വിഷയാവതരണം നടത്തും. കെ.വി. കെ. കോട്ടയം സീനിയർ സയൻ്റിസ്റ്റ് ഡോ. ജി ജയലക്ഷ്മി മോഡറേറ്ററാകും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന വനിതാ കർഷക സംഗമം ദലീമ ജോജോ എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന അവാർഡ് ജേതാവ് രേഷ്മ സുമേഷ് അധ്യക്ഷയാകും. കേരളപ്രഭ അവാർഡ് ജേതാവ് പി ഭുവനേശ്വരി മുഖ്യപ്രഭാഷണം നടത്തും. 2.30 മുതൽ ആരംഭിക്കുന്ന സെമിനാർ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ ഉദ്ഘാടനം ചെയ്യും. പീച്ചി കേരള വന ഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ. സി എസ് കണ്ണൻ വാര്യർ മുഖ്യപ്രഭാഷണം നടത്തും. 'പരമ്പരാഗത വിത്തുകളുടെ പുനരുജ്ജീവനം ഗോത്രസമൂഹങ്ങളിലൂടെ' എന്ന സെമിനാറിൽ ചിന്നാർ വന്യജീവി സങ്കേതം സോഷ്യോളജിസ്റ്റ് ധനുഷ്കോടി വിഷയാവതരണം നടത്തും. മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി ജെ സുഹൈബ് ചില്ല എക്കോഷോപ്പ് അനുഭവം പങ്കുവെയ്ക്കും. തുടർന്ന് നാല് മണിക്ക് സാംസ്കാരിക സദസ്, ആറ് മണിമുതൽ കലാപരിപാടികൾ എന്നിവ ആരംഭിക്കും. ഏഴ് മണി മുതൽ ബൈജു രവീന്ദ്രൻ ആൻഡ് അനന്യ പി അനിൽ അവതരിപ്പിക്കുന്ന 'പാട്ട് പൊങ്കാല' സംഗീത സദസ്സ് അരങ്ങേറും.
(പിആർ/എഎൽപി/569)
- Log in to post comments