Skip to main content

രക്ത സംബന്ധമായ പ്രശ്‌നങ്ങള്‍ : ശില്‍പശാല ഇന്ന് (ആഗസ്റ്റ് എട്ട്)

രക്തസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകാവുന്ന ഹീമോഫീലിയ, താലസ്സീമിയ, അരിവാള്‍ രോഗം എന്നിവ ഭിന്നശേഷിക്കാരെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ശില്‍പശാല ഇന്ന് (ആഗസ്റ്റ് എട്ട്) തൈക്കാട് കേരള സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയറില്‍ നടക്കും. ഈ രംഗത്ത് നടപ്പാക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പരിപാലനം, പുനരധിവാസം തുടങ്ങിയവ സംബന്ധിച്ച ദേശീയവും, അന്തര്‍ദേശീയവുമായ ഇടപെടല്‍ രീതികള്‍ ചര്‍ച്ച ചെയ്യും. സംസ്ഥാനത്തിന് അനുയോജ്യമായ മാതൃകകള്‍ക്ക് രൂപം നല്‍കും. ഭിന്നശേഷിക്കാര്‍ക്കായി സാമൂഹ്യനീതി വകുപ്പ് നടത്തുന്ന അനുയാത്ര പദ്ധതിയുടെ ഭാഗമായാണ് ശില്‍പശാല. ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. രക്ത സംബന്ധമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ദ്ധനും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ പ്രൊഫസറുമായ ഡോ. അലോക് ശ്രീവാസ്തവ ശില്‍പശാലയില്‍ പങ്കെടുക്കും. ആരോഗ്യ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി മിനി ആന്റണി, സാമൂഹ്യനീതി ഡയറക്ടര്‍ ടി.വി. അനുപമ, സാമൂഹ്യ സുരക്ഷാമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബി മുഹമ്മദ് അഷീല്‍ എന്നിവരും സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഈ രംഗത്തെ വിദഗ്ദ്ധര്‍, പ്രശസ്തരായ ആരോഗ്യ പ്രവര്‍ത്തകര്‍, ഹീമോഫീലിയ, താലസ്സീമിയ, അരിവാള്‍ രോഗം എന്നിവയിലെ രോഗികളുടെ കൂട്ടായ്മയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പി.എന്‍.എക്‌സ്.3454/17

date