ഒപ്പം പദ്ധതി വിജയകരമായി മുന്നോട്ട് : മന്ത്രി പി. രാജീവ്
നവീകരിച്ച എടമ്പാടം കുളം ഉദ്ഘാടനം ചെയ്തു
കളമശേരി മണ്ഡലത്തിൽ ഒപ്പം പദ്ധതി വിജയകരമായി മുന്നേറുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ഏലൂർ നഗരസഭയിൽ അമൃത് പദ്ധതിയിൽ നവീകരിച്ച എടമ്പാടം കുളം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒപ്പം പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ഡലത്തിൽ പൊതു ഇടങ്ങൾക്കൊപ്പം പദ്ധതി മികച്ച രീതിയിൽ മുന്നോട്ടു പോകുകയാണ്. ഓപ്പൺ ജിമ്മുകൾ, പൊതുസംവിധാനങ്ങൾ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശക്തിപ്പെടുത്തുകയാണ് പൊതു ജനങ്ങൾക്കൊപ്പം. ഓപ്പൺ ജിമ്മുകൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആരംഭിച്ചിട്ടുണ്ട്.
അതുപോലെ കൃഷിക്കൊപ്പം പദ്ധതിയുടെ ഭാഗമായി നീരുറവുകൾക്കൊപ്പം എന്ന പദ്ധതിയും തോടുകൾ പുനരുജ്ജീവിപ്പിച്ച് പുരോഗമിക്കുന്നു. ഇതോടൊപ്പം തന്നെയാണ് കുളങ്ങളുടെ വീണ്ടെടുക്കൽ പദ്ധതിയും. ഏലൂർ നഗരസഭ മികച്ച രീതിയിൽ ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. പദ്ധതികൾ ആരംഭിച്ചതുകൊണ്ട് മാത്രമായില്ല. മികച്ച രീതിയിൽ സംരക്ഷിച്ച് നിലനിർത്താനും സാധിക്കണം. ഇതിനായി നഗരസഭയുടെ നേതൃത്വത്തിൽ ഏകോപന പദ്ധതി കൂടി നടത്തണമെന്നും മന്ത്രി പറഞ്ഞു.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിൽ പൂർത്തീകരിക്കുന്ന നാലാമത്തെ കുളമാണ് എടമ്പാടം കുളം. പദ്ധതിയുടെ ഭാഗമായി വെള്ളം ശുദ്ധീകരണം, കുളങ്ങളുടെ വശങ്ങൾ കെട്ടി മനോഹരമാക്കൽ, വൈദ്യുതീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.
എടമ്പാടം കുളം പരിസരത്ത് നടന്ന പരിപാടിയിൽ ഏലൂർ നഗരസഭ ചെയർമാൻ എ ഡി സുജിൽ, വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.എം ഷെനിൻ, പി.എ. ഷെറീഫ്, വി. എ. ജെസ്സി, വാർഡ് കൗൺസിലർമാരായ
ഷൈജ ബെന്നി, പി.ബി. രാജേഷ്, ലീലാ ബാബു തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments