മഹാരാജാസിൽ റോയൽ സയൻസ് ഫെസ്റ്റിവൽ
1875 ൽ ആരംഭിച്ച മഹാരാജാസ് കോളേജ് പ്രൗഢഗംഭീരമായ 150-ാം വാർഷിക നിറവിൽ നിൽക്കുകയാണ്. ഫെബ്രുവരി 28 വെള്ളിയാഴ്ച ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് റോയൽ സയൻസ് ഫെസ്റ്റിവൽ എന്ന പേരിൽ കോളേജിലെ സയൻസ് ഫോറവും വിവിധ ശാസ്ത്ര വകുപ്പുകളും ചേർന്ന് ശാസ്ത്രമേള സംഘടിപ്പിക്കുന്നു. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എം.കെ ജയരാജ് മേള ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി രാവിലെ 10 മുതൽ വൈകിട്ട് 3 വരെ കോളേജിലെ വിവിധ ശാസ്ത്ര വകുപ്പുകളുടെ നേതൃത്വത്തിൽ പ്രദർശനമുണ്ടാകും.
ലോകത്തെ 50 അന്താരാഷ്ട്ര മ്യൂസിയങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട സുവോളജി മ്യൂസിയം അന്നേ ദിവസം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. കൂടാതെ ജന്തുശാസ്ത്ര വിഭാഗം ഒരുക്കുന്ന മനുഷ്യപരിണാമത്തിന്റെ വഴി, അലങ്കാര മത്സ്യ പ്രദർശനം, ധ്രുവ ലോകം ,രക്തഗ്രൂപ്പ് നിർണയം, സമർദ്ദങ്ങളും സന്തോഷ ഹോർമോണുകളു, തുടങ്ങിയ വിവിധ സ്റ്റാളുകൾ ഒരുക്കുന്നു. ഭൗതികശാസ്ത്ര പരീക്ഷണശാലയിൽ ഉപയോഗിച്ചിരുന്ന 150 വർഷത്തിലധികം പഴക്കമുള്ള അതിപുരാതന ഉപകരണങ്ങളുടെ പ്രദർശനം, 20-ാം നൂറ്റാണ്ടിന്റെ പ്രാരംഭ ഘട്ടത്തിൻ ഉപയോഗിച്ചിരുന്ന ജർമ്മൻ നിർമ്മിത അലക്സാണ്ടർ വെയിങ് മെഷീൻ, കിപ്പ് സോൺ ഗാൽവനോ മീറ്റർ, കപ്പലുകളിൽ ദിശാനിർണ്ണയം നടത്തുന്ന ഉപകരണങ്ങൾ, മണ്ണെണ്ണയിൽ പ്രവർത്തിക്കുന്ന സ്റ്റർലിംഗ് ഫാൻ തുടങ്ങിയവ പ്രദർശനത്തിന്റെ ആകർഷണങ്ങളാണ്.
1935 - ൽ സ്ഥാപിതമായ കെമിസ്ട്രി വിഭാഗത്തിൽ ഗവേഷണത്തിനായി ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, വിജ്ഞാനവും കൗതുകവും നിറഞ്ഞ വിവിധങ്ങളായ രസതന്ത്ര പരീക്ഷണങ്ങൾ, പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ, രസതന്ത്രത്തിലെ നൂതന ആശയങ്ങളും കണ്ടെത്തലുകളുടെയും അവതരണം, രസതന്ത്രത്തിലെ തൊഴിൽ- ഉപരിപഠനസാധ്യതകൾ , ഭക്ഷണപദാർത്ഥങ്ങളിലെ മായം കണ്ടെത്തുന്നതിനുള്ള ലഘുപരീക്ഷണങ്ങൾ, മണ്ണിന്റെയും ജലത്തിന്റെയും ഗുണനിലവാരം നിർണയിക്കുന്നതിനുള്ള പരിശോധനകൾ, കെ-ഡിസ്കിന് കീഴിൽ പ്രവർത്തിക്കുന്ന "മഴവില്ല്' പദ്ധതിയുമായി ബന്ധപ്പെട്ട ശാസ്ത്രപ്രവർത്തനങ്ങൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഗണിത ശാസ്ത്രത്തിന്റെ പ്രായോഗികതയെ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ ഉതകുന്ന പ്രദർശനമാണ് ഗണിതശാസ്ത്ര വിഭാഗം ഒരുക്കിയിരിക്കുന്നത്. കണക്കുകൂട്ടലുകൾക്കും അളക്കലുകൾക്കും വേണ്ടി പണ്ടുകാലത്തെ ഉപയോഗിച്ചിരുന്ന ജ്യോതിശാസ്ത്ര ഉപകരണങ്ങളും വിവിധ ഗണിത മോഡലുകൾ, കൗതുകം ഉണർത്തുന്ന ഗെയിമുകൾ എന്നിവ പ്രദർശനത്തിന്റെ ഭാഗമാണ്. ഗണിതശാസ്ത്രത്തിലെ നൂതന ആശയമായ ഫ്രാക്ടൽസിലെ മോഡൽ സെർപ്പൻസ്കി ട്രയാൻഗിൾ പ്രദർശനത്തെ ആകർഷകമാക്കുന്നു. പ്രദർശനം കാണാൻ പൊതു ജനങ്ങൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും അവസരമുണ്ടാകും.
- Log in to post comments