Skip to main content

മുല്ലശ്ശേരി കനാൽ നവീകരണം മെയ് മാസത്തോടെ പൂർത്തിയാക്കാൻ നിർദ്ദേശം

ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി മുല്ലശ്ശേരി കനാലിൽ നടത്തുന്ന ജോലികൾ മെയ് മാസത്തോടെ പൂർത്തിയാക്കാൻ നിർദേശം.

 

 ടി.ജെ വിനോദ് എംഎൽഎ , ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ എറണാകുളം മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ കളക്ടറേറ്റിൽ നടന്ന യോഗത്തിലാണ് തീരുമാനം. 

 

ഇത് സംബന്ധിച്ച നിർദ്ദേശം കരാറുകാരൻ നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. മുല്ലശ്ശേരി കനാലിൽ 75 ശതമാനം നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. ചിറ്റൂർ റോഡിലാണ് നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. മൺസൂണിന് മുമ്പ് നവീകരണം പൂർത്തിയാകുന്ന രീതിയിൽ പ്രവൃത്തികൾ ദ്രുതഗതിയിലാക്കാൻ നിർദേശം നൽകി. 

 

 കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റിന്റെ നേതൃത്വത്തിൽ (സി. എസ്. എം. എൽ ) നിർമ്മാണ പ്രവർത്തികൾ പൂർത്തിയായ റോഡുകളിലെ ഫുഡ് പാത്തുകളിലെ തടസ്സങ്ങൾ നീക്കി സഞ്ചാര യോഗ്യമാക്കണം. മൺസൂണിന് മുൻപ് ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സി. എസ്. എം. എല്ലിന് നിർദ്ദേശം നൽകി. 

 

 യോഗത്തിൽ മണ്ഡലത്തിലെ മറ്റു പ്രധാന പദ്ധതികളായ തമ്മനം- പുല്ലേപ്പടി റോഡ് നിർമ്മാണം, എലൂർ - ചൗക്ക പാലം , കെ. എസ്. ആർ. ടി. സി സ്റ്റാന്റ് പുനരുദ്ധാരണം, നോർത്ത് റെയിൽവേ മേൽപ്പാലം, വടുതല- പേരുണ്ടൂർ പാലം , കറുങ്കോട്ട പാലം, വിവിധ റോഡ് നിർമ്മാണം, തുടങ്ങിയ പദ്ധതികളുടെ പുരോഗതി വിലയിരുത്തി. 

 

 കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർമാരായ കെ മനോജ്‌, എസ്. രജീന തുടങ്ങിയവർ പങ്കെടുത്തു.

date