ജൈവവൈവിധ്യ ബോർഡിന്റെ ഇരുപതാം വാർഷികം
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ഇരുപതാം വാർഷികാഘോഷങ്ങളുടെയും 'Every Child a Scientist and an Artist (ECASA)' എന്ന കുട്ടികൾക്കു വേണ്ടിയുളള പദ്ധതിയുടേയും ഔപചാരിക ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെയും ആവശ്യകതയെയും കുറിച്ച് വിശദീകരിച്ചതോടൊപ്പം ജൈവവൈവിധ്യ ബോർഡിലെ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പൂർണ്ണമായ പിന്തുണ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തൻ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ.എൻ. അനിൽ കുമാർ, മെമ്പർ സെക്രട്ടറി ഡോ.വി.ബാലകൃഷ്ണൻ മുൻ ബോർഡ് ചെയർമാൻമാരായ ഡോ.ആർ.വി. വർമ്മ, ഡോ.ഉമ്മൻ വി ഉമ്മൻ, ഡോ.സി ജോർജ് തോമസ്, തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡോ.സി.എസ് വിമൽകുമാർ നന്ദി രേഖപ്പെടുത്തി. വള്ളക്കടവ് ജൈവവൈവിധ്യ മ്യൂസിയത്തിന് സമീപത്തുള്ള കുട്ടികൾക്കായി 'ഇക്കാസ' യുടെ പ്രഥമ പരിപാടി എം.സി ദത്തൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഇ കുഞ്ഞികൃഷ്ണൻ, 'കേരളത്തിലെ ജൈവവൈവിധ്യത്തിനൊരാമുഖം' എന്ന പരിപാടിയിൽ കുട്ടികളുമായി സംവദിച്ചു. കിറ്റ്സ് പ്രിൻസിപ്പൽ രാജേന്ദ്രൻ പരിപാടിയിൽ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി Kunming-Montreal Global Biodiversity Framework ലെ 23 ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി കേരള സംസ്ഥാന ജൈവവൈവിധ്യ ആസൂത്രണ കർമ്മ പദ്ധതിക്ക് അന്തിമരൂപം നൽകി.
പി.എൻ.എക്സ് 929/2025
- Log in to post comments