Skip to main content

ഏലൂരിനെ ടൂറിസം കേന്ദ്രമാക്കി മാറ്റും : മന്ത്രി പി രാജീവ്

ടൂറീസം അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ നിർമ്മാണത്തിന്റെയും വാട്ടർ ടൂറിസത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു*

 

ഏലൂരിനെ ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ഏലൂർ വാട്ടർ മെട്രോ സ്റ്റേഷനോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന ടൂറിസം അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണത്തിന്റെയും ഏലൂർ വാട്ടർ ടൂറിസം പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഏലൂർ ഒരു വ്യവസായ കേന്ദ്രം എന്ന നിലയിലാണ് അറിയപ്പെടുന്നത്. അടുത്ത ഒരു വർഷത്തിനുള്ളിൽ ടൂറിസത്തിന്റെയും കേന്ദ്രമാക്കി  മാറ്റുകയാണ് ലക്ഷ്യം.

 

കൃഷിക്കൊപ്പം കളമശ്ശേരി മേളയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ നിന്നാണ് കളമശ്ശേരിയുടെ ടൂറിസം സാധ്യതകൾ  ഉപയോഗപ്പെടുത്തണമെന്ന നിർദേശം ഉയർന്നുവന്നത്. ആലങ്ങാട് പഞ്ചായത്തിലെ പഴംതോട്, കരുമാലൂർ - കുന്നുകര  പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തടിക്കകടവ് പാലം എന്നിവിടങ്ങളെ ഇതിനോടകം ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിച്ചു കഴിഞ്ഞു. അടുത്തത്  ഏലൂർ ആണ്.  

 

ടൂറിസം വകുപ്പിന്റെ ശ്രദ്ധയിൽ എലൂരിലെ  സാധ്യതകൾ കൊണ്ടുവരികയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ഒരു കോടി രൂപ അനുവദിക്കുകയും ചെയ്തു. 

ഓണത്തിന് മുമ്പായി  നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. 

 

സോളാർ ട്രീ സ്ഥാപിക്കൽ, പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കൽ, കഫെറ്റീരിയ, എ.സി വെയ്റ്റിംഗ് റൂം, ശുചിമുറികൾ, ഫീഡിങ് റൂം,  വാക് വേ, ലാൻഡ്സ്കേപിങ്,  ഇരിപ്പിടങ്ങൾ, ഹാൻഡ് റെയിലുകൾ, ഇന്റർലോക്ക് കട്ടകൾ പാകൽ, ഇലക്ട്രിക്കൽ ജോലികൾ തുടങ്ങിയ പ്രവർത്തനങ്ങളാണ്  അടിസ്ഥാന സൗകര്യ വികസനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. 

 

വാട്ടർ ടൂറിസത്തിന്റെ ഭാഗമായി പെടൽ ബോട്ട്, കയാക്കിങ്, ജെറ്റ് സ്‌കി, സ്പീഡ് ബോട്ട്, വാട്ടർ സൈക്കിൾ തുടങ്ങിയ വിനോദ ഉപാധികളാണ് ഒരുക്കിയിട്ടുള്ളത്. ഒരാഴ്ചയ്ക്കുള്ളിൽ ഇത് പൂർണ്ണ സജ്ജമാകും.   

 

ഏലൂർ വാട്ടർ മെട്രോ സ്റ്റേഷന് സമീപം സംഘടിപ്പിച്ച ചടങ്ങിൽ ഏലൂർ നഗരസഭ ചെയർമാൻ എ.ഡി സുജിൽ അധ്യക്ഷത വഹിച്ചു,  നഗരസഭ വൈസ് ചെയർപേഴ്‌സൺ  ജയശ്രീ സതീഷ്, കേരള ഇലക്ട്രിക്കൽ & അലൈഡ് എഞ്ചിനീയറിംഗ് കോ- ലിമിറ്റഡ് മാനേജിംഗ് ഡയറക്ട‌ർ കേണൽ ഷാജി.എം. വർഗ്ഗീസ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ടി.എം ഷെനിൻ, വി.എ ജെസ്സി, പി.എ ഷെറീഫ്, നിസ്സി സാബു, കെ.എ മാഹിൻ, 

കൗൺസിലർമാരായ  പി.എം അയൂബ്, എസ്.ഷാജി,സാജു തോമസ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ലിജോ ജോസഫ്, മറൈൻ അഡ്വഞ്ചറസ് മാനേജിംഗ് ഡയറക്‌ടർ ധർമ്മരാജ് തുടങ്ങിയവർ പങ്കെടുത്തു.

date