Skip to main content

ഇരകള്‍ക്ക് നീതി കിട്ടാന്‍ വ്യക്തി നിയമങ്ങള്‍ തടസ്സം : വനിതാ കമ്മീഷന്‍

ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ വ്യക്തിനിയമങ്ങളുടെ പരിമിതികള്‍ തടസ്സമാകുന്നുവെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. എം.എസ് താര. ബഹുഭാര്യാത്വവും വിവാഹമോചനവും മൂലം ജില്ലയില്‍ സ്ത്രീകള്‍ കൂടുതല്‍ ദുരിതമനുഭവിക്കുന്നുണ്ട്. നിരാലംബരായ ഇത്തരം സ്ത്രീകളുടെ പരാതികളാണ് മറ്റ് ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ നിന്ന് ലഭിച്ചതെന്നും വനിതാ കമ്മീഷന്‍ കളക്ടറേറ്റില്‍ നടത്തിയ അദാലത്തിന് ശേഷം  അഡ്വ. താര പറഞ്ഞു.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളാണ് കമ്മീഷനു മുന്നില്‍ വന്ന മറ്റ് പരാതികളിലുള്ളത്. ഇതില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളുമുണ്ട്. പല സ്വകാര്യ സ്ഥാപനങ്ങളിലും ആന്റി ഹരാസ്‌മെന്റ് സെല്ലുകള്‍ രൂപീകരിച്ചിട്ടില്ലെന്ന കാര്യം ഗൗരവമുള്ളതാണെന്നും കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു.
ആകെ 83 പരാതികളാണ് കമ്മീഷനു മുന്നില്‍ വന്നത്. ഇതില്‍ 32 എണ്ണം തീര്‍പ്പാക്കി. 12 എണ്ണം പോലീസ് റിപ്പോര്‍ട്ടിനായും രണ്ടെണ്ണം ജാഗ്രതാസമിതികള്‍ക്കും  സമര്‍പ്പിച്ചു. 24 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റിവച്ചു. ഇരുകക്ഷികളും ഹാജരാകാത്ത 13 കേസുകളും ഉണ്ടായിരുന്നതായും കമ്മീഷന്‍ അംഗങ്ങള്‍ അറിയിച്ചു.
കമ്മീഷന്‍ അംഗം ഇ.എം രാധ, ശ്രീകല സുധീഷ്, ഷാന്‍സി നന്ദകുമാര്‍, അയിഷ ജമാല്‍, റീബ എബ്രഹാം തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

 

date