ഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ നവീകരണം; 12 ലക്ഷം കൂടി അനുവദിച്ചു
വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നവീകരിക്കുന്നതിന് അധിക തുകയായി 12 ലക്ഷം രൂപ കൂടി അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. പ്രദേശത്തെ 11,12 വാർഡുകളുടെയും ജലക്ഷാമം പരിഹരിക്കുന്നതിനുള്ള ഏക പദ്ധതിയായിരുന്നു ഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ സ്കീം. നിലവിൽ സൈഫൺ ബാരലിന് ചോർച്ച നേരിട്ടതിനെ തുടർന്ന് പദ്ധതിയുടെ പ്രവർത്തനം നിലച്ചിരുന്നു.
സൈഫണിന്റെ നീളം 65 മീറ്ററും വലിപ്പം വളരെ ചെറുതും ആയതിനാൽ അവിടെ അടിഞ്ഞുകിടക്കുന്ന ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടായതിനാൽ സൈഫോണിന് പകരം പുതിയ സ്ട്രക്ചറൽ സ്റ്റീൽ അക്വഡക്റ്റ് നിർമ്മിക്കുന്നതിനായി 2024 ഡിസംബ൪ 11 ന് 54 ലക്ഷം രൂപ അനുവദിച്ചിരുന്നു.
എന്നാൽ നേരത്തെ നിശ്ചയിച്ചിരുന്ന അലൈൻമെന്റിൽ ചെറിയ മാറ്റം വരുത്തേണ്ടി വന്നതുമൂലം 94 മീറ്ററിന് പകരം 108 മീറ്റർ നീളത്തിൽ സീൽ അക്വഡക്റ്റും,12 മീറ്റർ നീളമുള്ള കോൺക്രീറ്റ് ഫ്ലൂമും നിർമ്മിക്കേണ്ട സാഹചര്യത്തിലാണ് 54 ലക്ഷം രൂപയ്ക്ക് പുറമേ 12 ലക്ഷം രൂപ കൂടി ആവശ്യമായി വന്നത്. അധിക തുക കൂടി അനുവദിച്ച് പദ്ധതിയ്ക്ക് ആവശ്യമായ 66 ലക്ഷം രൂപയാണ് ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ളത്. തുടർ നടപടികൾ വേഗത്തിലാക്കുമെന്നും എം.എൽ.എ പറഞ്ഞു.
- Log in to post comments