Skip to main content

അട്ടപ്പാടിയില്‍ ഭിന്നശേഷിക്കാര്‍ക്കായി ഉപകരണ വിതരണം നടന്നു

 

 

അട്ടപ്പാടിയില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള ഉപകരണ വിതരണം നടന്നു. ഉപകരണങ്ങളുടെ വിതരണം ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. ഇത്തരം പദ്ധതികള്‍ ജനങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

അട്ടപ്പാടി - ബ്ലോക്ക് പഞ്ചായത്ത് ആസ്പിരേഷന്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ആര്‍ട്ടിഫിഷ്യല്‍ ലിംഫ് മാനുഫേച്ചറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ALIMCO) യുമായി ചേര്‍ന്നാണ് ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നത്. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലെ പുതൂര്‍, അഗളി, ഷോളയൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ 94 ഭിന്നശേഷിക്കാര്‍ക്ക് 67 ലക്ഷം രൂപ ചെലവിലാണ് വീല്‍ ചെയറുകള്‍, ശ്രവണ സഹായ ഉപകരണങ്ങള്‍ തുടങ്ങി വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ഗുണഭോക്താക്കളെ നേരത്തെ വൈകല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ നടത്തിയാണ് തിരഞ്ഞെടുത്തത്.

കില ക്യാംപസില്‍ നടന്ന പരിപാടിയില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  മരുതി മുരുകന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ്  കെ.കെ മാത്യു, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എസ്.സനോജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ജി ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് ദേശീയ ഹാന്‍ഡ്് ബോള്‍ താരം എസ്. മനുവിന്റെ മോട്ടിവേഷണല്‍ ക്ലാസും നടന്നു.

ഫോട്ടോ: അട്ടപ്പാടി കില ക്യാംപസില്‍ നടന്ന ഭിന്നശേഷിക്കാര്‍ക്കായുള്ള ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക നിര്‍വഹിക്കുന്നു.

date