Skip to main content
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ ചെമ്പുകചാലിലെ തടയണ വരാല്‍ കൃഷി

വരാല്‍ കൊണ്ടുവന്ന വരുമാനം ചെമ്പുകചാലിന് പുനര്‍ജനി, കര്‍ഷകര്‍ക്ക് പുതുജീവിതം

മത്സ്യകര്‍ഷകര്‍ക്ക് പ്രതീക്ഷ പകരുകയാണ് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്. ഉപയോഗശൂന്യമായിരുന്ന ചെമ്പുകചാലിലെ ജലാശയത്തെ പൂര്‍വസ്ഥിതിയിലേക്കു കൊണ്ടുവന്നാണ് ഒരുജനതയുടെ ജീവിതം മാറ്റിമറിച്ച മത്സ്യകൃഷിക്കും തുടക്കമായത്.  എസ് ആര്‍ മത്സ്യകര്‍ഷക കൂട്ടായ്മയാണ് ഇവിടെ വരാലിന്റെ രുചിയോളങ്ങള്‍ തീര്‍ക്കുന്നത്.
കര്‍ഷകനായ ഷാജി കെ. ജേക്കബിന്റെ നേതൃത്വത്തിലാണ് വരാലുകള്‍ ജലാശയത്തിലേക്ക് വിത്തുകളായി എത്തിയത്.  ശുദ്ധജല മത്സ്യമാണിത്. മുപ്പതേക്കറോളം വരുന്ന പാടശേഖരത്തിന്റെ നടുവിലായാണ് ചെമ്പുകചാല്‍. വരാല്‍കൃഷിയുടെ ആദ്യഘട്ടം അനുകൂലമായസാഹചര്യം സൃഷ്ടിക്കലായിരുന്നു. ഇതിനായി ജലാശയത്തിന്റെ പി എച്ച് തോത് പരിശോധിച്ച് ആനുപാതികമാക്കി. പിന്നീടാണ് കൃഷി ആരംഭിച്ചത്. എട്ടു മാസമാണ് വരാലിന്റെ പൂര്‍ണവളര്‍ച്ച കാലാവധി. ഓരോന്നിന്നും രണ്ടു കിലോയോളം തൂക്കം ഈ ഘട്ടത്തില്‍ കിട്ടും. തടയണ മത്സ്യകൃഷിയില്‍ നിന്നുള്ള ലാഭം മുഴുവനും കര്‍ഷകന് സ്വന്തം  - തിരുവല്ല മത്സ്യ ഭവന്‍ ഓഫീസര്‍ ശില്പ പ്രദീപ് പറഞ്ഞു.
ചുറ്റും മുളനാട്ടി ടാര്‍പോളിന്‍ കെട്ടിയാണ് കൃഷി സംരക്ഷിക്കുന്നത്. 11 വലക്കൂടുകള്‍ കെട്ടിതിരിച്ചു 15000 വരാല്‍ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.  മത്സ്യങ്ങള്‍ പുറത്തേക്ക് ചാടാതിരിക്കാനും പക്ഷികളില്‍നിന്നും സംരക്ഷണം നല്‍കുന്നതിനുമായി ചാലിന്റെ മുകളിലും വല വിരിച്ചിട്ടുണ്ട്. ഒരു വലക്കൂടിനു 27 അടി നീളവും 14 അടി വീതിയും ജലനിരപ്പില്‍ നിന്ന് 12 അടിയോളം ഉയരവുമാണുള്ളത്.
ഒന്നാംഘട്ടത്തില്‍ മത്സ്യങ്ങളെ കൂടുകളില്‍നിഷേപിക്കും. രണ്ടാം ഘട്ടത്തില്‍  വലിപ്പവും ഗുണനിലവാരവും അടിസ്ഥാനമാക്കി തരംതിരിച്ചു മറ്റു കൂടുകളിലേക്ക് മാറ്റും. ദിവസം മൂന്നു നേരമാണ് മത്സ്യങ്ങള്‍ക്ക് ഭക്ഷണം. ഉയര്‍ന്ന പ്രോട്ടീനോട് കൂടിയ പെല്ലറ്റ് ഫീഡാണ് നല്‍കുന്നത്.
വരാല്‍ പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ ഒരു കൂടില്‍നിന്നും 500 കിലോ വരെ ലഭിക്കുമെന്ന് കര്‍ഷകനായ ജേക്കബ് പറയുന്നു.  ഉയര്‍ന്ന വിപണി മൂല്യവും പ്രതികൂലകാലാവസ്ഥയെ ചെറുക്കാനുള്ള കഴിവുമാണ്  വരാലിന്റെ മെച്ചം.
ശുദ്ധജലമത്സ്യകൃഷിയുടെ സാധ്യതകൂടുമ്പോള്‍ തോടുകളും കുളങ്ങളും  കേന്ദ്രീകരിച്ച് വ്യാപകമായി കൃഷിനടപ്പിലാക്കും. പഞ്ചായത്തിലെ വിവിധ ഇടങ്ങളിലായി പടുതാകുളം നിര്‍മിച്ചുള്ള മത്സ്യവളര്‍ത്തലുകളും സജീവമായി നടന്നുവരുന്നു.
കോമങ്കരി ചാലിലെ രണ്ടര ഹെക്ടര്‍ സ്ഥലത്തും കര്‍ഷകകൂട്ടായ്മ കൃഷി ആരംഭിച്ചു. തോട്ടപ്പുഴ പന്നുകചാലിലും സമാന പദ്ധതിയുടെ പ്രവൃത്തികള്‍ നടന്നുവരുന്നു. വ്യാവസായിക മുഖമുദ്രകളിലൊന്നായ മത്സ്യബന്ധനമേഖലയില്‍ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിച്ചു  കര്‍ഷകര്‍ക്ക് വരുമാനത്തിനുള്ള പുതിയപാത സൃഷ്ടിക്കുകയാണ് പഞ്ചായത്ത്.
ഗുണഭോക്താക്കളെ  ഗ്രൂപ്പാക്കി മാറ്റി പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച മുറക്കാണ് കൃഷിക്ക് ആവശ്യമായ സഹായം ഫിഷറീസ് നല്‍കിയത്. ഒരു ഹെക്ടര്‍ സ്ഥലത്ത്  150000 രൂപയാണ് യൂണിറ്റ് ചെലവ്.  പഞ്ചായത്തില്‍ രണ്ടര ഹെക്ടര്‍ സ്ഥലത്തിലെ കൃഷിയിലേക്ക് 18 ലക്ഷം രൂപയാണ് മത്സ്യ ബന്ധന വകുപ്പ് നല്‍കിയതെന്ന് ജില്ലാ ഫിഷറീസ് ഓഫീസര്‍ ഡോ.പി എസ് അനിത പറഞ്ഞു.
മത്സ്യലഭ്യത വര്‍ദ്ധിപ്പിക്കാനായി മറ്റുസ്ഥലങ്ങളിലേക്കും വ്യാപകമായി കൃഷിചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കാനാണ് ഫിഷറീസ് വകുപ്പും പഞ്ചായത്തും സംയുക്തമായി ശ്രമിക്കുന്നതെന്ന് പ്രസിഡന്റ്  കെ ബി ശശിധരന്‍ പിള്ള പറഞ്ഞു.
 

date