*തദ്ദേശ സ്ഥാപനങ്ങളുടെ ധനവിനിയോഗം പഠന വിധേയമാക്കും: ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ധനകാര്യ കമ്മീഷന്റെ ഡി.പി.സി തല യോഗം ചേര്‍ന്നു*
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ധന വിനിയോഗം പദ്ധതി രൂപീകരണ നിര്‍വഹണവുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും ആശയങ്ങളും പഠന വിധേയമാക്കി റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. കെ.എന്‍ ഹരിലാല്‍ അറിയിച്ചു. കളക്ടറേറ്റ് ജില്ലാ ആസൂത്രണസമിതി എ.പി.ജെ ഹാളില്‍ ചേര്‍ന്ന ധനകാര്യകമ്മീഷന്റെ ഡി.പി.സി തല യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍. സംസ്ഥാന സര്‍ക്കാര്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് അനുവദിക്കുന്ന ഗ്രാന്റുകളുടെ വിതരണം, വിനിയോഗം സംബന്ധിച്ച സ്ഥിതി വിവരകണക്ക് പരിശോധിക്കുകയാണ് കമ്മീഷന്‍. തദ്ദേശ സ്ഥാപനങ്ങളുടെ തനത് വരുമാനം സ്വീകരിക്കല്‍, നികുതി- നികുതിയേതര വരുമാനം സ്വീകരിക്കല്‍ എന്നിവയില്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ അറിയിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പിലും പദ്ധതി വിഹിതം അനുവദിക്കുന്നതിലും കാലോചിതമായ മാറ്റം ആവശ്യമാണെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ജില്ലാ ആസൂത്രണസമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായ യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, സര്‍ക്കാര്‍ നോമിനി എ.എന്‍ പ്രഭാകരന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എച്ച്.ബി പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം, നഗരസഭാ- ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാര്‍, ധനകാര്യ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി ഡി. അനില്‍പ്രസാദ്, അഡ്വൈസര്‍ കെ.കെ ഹരിക്കുറുപ്പ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. പ്രസാദന്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments