തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള നൈപുണി വിടവ് നികത്താവുന്ന കോഴ്സുകൾക്ക് പ്രാധാന്യം നൽകുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു
(പടം)
-മൊകേരി ഗവ. കോളേജിൽ അക്കാദമിക് & ഡിജിറ്റൽ റിസോഴ്സ‌് സെന്റർ ഉദ്ഘാടനം ചെയ്തു
അഭ്യസ്ഥവിദ്യരായ തൊഴിൽ അന്വേഷകരുടെ പ്രശ്നം അഭിസംബോധന ചെയ്യാവുന്ന വിധം തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള നൈപുണി വിടവ് നികത്താവുന്ന തരത്തിലുള്ള കോഴ്സുകൾക്ക് പ്രാധാന്യം നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. മൊകേരി ഗവ. കോളേജിൽ പുതുതായി നിർമ്മിച്ച അക്കാദമിക് & ഡിജിറ്റൽ റിസോഴ്സ‌് സെന്റർ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇക്കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം 6000 കോടി രൂപ വിനിയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്ര എക്കണോമിക് റിവ്യൂവിൽ വളരെ അഭിമാനകരമായി പരാമർശിച്ചിട്ടുണ്ട്. ഈ സർക്കാരിൻ്റെ കാലത്ത് അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് മാത്രം 1500 കോടിയിലധികം രൂപ ചിലവഴിച്ചിട്ടുണ്ട്.
ഇതിലൂടെ സർവകലാശാലകളിലും കോളേജുകളിലും സ്മാർട്ട് ക്ലാസ് റൂമുകളും അക്കാദമിക് & ഡിജിറ്റൽ റിസോഴ്സ‌് സെൻററുകളും ഉന്നത നിലവാരത്തിലുള്ള ലാബ്, ലൈബ്രറികൾ എന്നിവയും നിർമ്മിക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിർമിതി ബുദ്ധിയുടെ കാലഘട്ടത്തിൽ പുതിയ രീതിയിലുള്ള കോഴ്സുകൾ വിദ്യാർഥികൾക്ക് നൽകാനാവണം. അതിനായി സമഗ്രമായ കരിക്കുലം പരിഷ്കരണം ഏറ്റെടുത്തുകൊണ്ട് ചരിത്രത്തിലാദ്യമായി ഉന്നത വിദ്യാഭ്യാസം മേഖലയ്ക്ക് തൊഴിൽ അധിഷ്ഠിതമായും ഗവേഷണ താൽപ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് പുതിയ ഒരു കരിക്കുലം രൂപീകരിച്ച് നാലു വർഷ ബിരുദ പ്രോഗ്രാം വിജയകരമായി മുന്നോട്ട് കൊണ്ടു പോകാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു.
കിഫ്‌ബി ഫണ്ടിൽ നിന്നും അനുവദിച്ച 4.5 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച അക്കാദമിക് & ഡിജിറ്റൽ റിസോഴ്സ് സെന്ററിന്റെ പൂർത്തീകരണത്തോടെ കോളേജിന്റെ ചിരകാല അഭിലാഷമായിരുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറിയും കമ്പ്യൂട്ടർ ലാബും യാഥാർത്ഥ്യമായി.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വൈജ്ഞാനിക സമൂഹ സൃഷ്‌ടിയെന്ന ലക്ഷ്യത്തിലേക്കുള്ള പാതയാണ് അക്കാദമിക് & ഡിജിറ്റൽ റിസോഴ്സ് സെന്ററിന്റെ പൂർത്തികരണത്തോടെ തുറക്കപ്പെടുന്നത്.
പദ്ധതി റിപ്പോർട്ട് കിറ്റ്കൊ എൻജിനീയർ അനു ആനന്ദ് പി അവതരിപ്പിച്ചു.
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ റീത്ത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൈരളി കെ, ഗ്രാമപഞ്ചായത്ത് മെമ്പർ രതീഷ് എ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പൽ അഷ്റഫ് കെ കെ സ്വാഗതവും ഡോ. ലിയാഖത്ത് അലി നന്ദിയും പറഞ്ഞു.
- Log in to post comments