ചെറുവണ്ണൂര്‍ മേല്‍പ്പാലം ഇപിസി മാതൃകയില്‍ കരാര്‍ നല്‍കാന്‍ അനുമതി
രാമനാട്ടുകര- വട്ടക്കിണർ റോഡിലെ ചെറുവണ്ണൂർ മേൽപ്പാലം നിര്‍മാണത്തിന് ഇപിസി (എൻജിനീയറിംഗ്, പൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ) രീതിയിൽ കരാര്‍ നല്‍കുന്നതിന് സർക്കാർ അനുമതി നൽകി. നേരത്തേ ഡിബിഎഫ്ഒടി (ഡിസൈൻ- ബിൽഡ്, ഓപ്പറേറ്റ്- ട്രാൻസ്ഫർ) ആയി പണിയുന്നതിനായിരുന്നു ഭരണാനുമതി നൽകിയിരുന്നത്.
മേൽപ്പാലം പണി വേഗത്തിൽ പൂർത്തിയാക്കുന്നതിന് ഇപിസി മാതൃക അവലംബിക്കുകയാണ് ഉചിതമെന്ന് നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) അധികൃതർ നിർദ്ദേശിച്ചതിനെ തുടർന്നാണ് കരാർ രീതിയിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചത്.
ബിഒടി ആയി നടപ്പാക്കുന്ന കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായി ചെറുവണ്ണൂരിലും അരീക്കാടും മേൽപ്പാലങ്ങൾ നിർമിക്കുന്നതിന് 255.62 കോടി രൂപയ്ക്ക് ഒരുമിച്ചുള്ള ഭരണാനുമതിയാണ് നൽകിയിരുന്നത്. ചെറുവണ്ണൂർ മേൽപ്പാലത്തിനുള്ള സ്ഥലമേറ്റെടുപ്പ് ജോലികൾ അവസാനഘട്ടത്തിലാണ്. അരീക്കാട് മേൽപ്പാലത്തിന്റെ ഭൂമി ഏറ്റെടുക്കലുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറുവണ്ണൂർ മേൽപ്പാലത്തിന്റെ നടപടിക്രമങ്ങൾ ഏറെ മുന്നേറിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ രണ്ട് മേൽപ്പാലങ്ങളും വെവ്വേറേ പ്രവൃത്തികളാക്കുകയും ചെറുവണ്ണൂരിലേത് ഇപിസി മാതൃകയിലാക്കുകയും ചെയ്താൽ പ്രവൃത്തി നേരത്തേ പൂർത്തീകരിക്കാനാകുമെന്ന് കെആർഎഫ്ബി അധികൃതർ സർക്കാരിനെ അറിയിക്കുകയായിരുന്നു.
പ്രവൃത്തി സമയബന്ധിതമായി നടപ്പിലാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഓരോ നടപടിക്രമത്തിനും കൃത്യമായ ടൈംലൈൻ നിശ്ചയിച്ചായിരിക്കും പ്രവൃത്തി ആരംഭിക്കുക. ഇതിനു മേൽനോട്ടം വഹിക്കാൻ ഉന്നത ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
- Log in to post comments