Skip to main content

മന്ത്രി എം ബി രാജേഷ് നിര്‍വ്വഹിക്കും

ആനക്കര ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം 16 ന്

 

 

ആനക്കര ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ  പുതിയ കെട്ടിടോദ്ഘാടനം 16 ന് രാവിലെ 10.30 ന് തദ്ദേശസ്വയംഭരണ-എക്സൈസ്- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിക്കും.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയാകും. ചടങ്ങില്‍ പി മമ്മിക്കുട്ടി എംഎല്‍എ മുഖ്യാതിഥിയാകും.

സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മപദ്ധതി-വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി ഫണ്ട്  ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച തൃത്താല നിയോജകമണ്ഡലത്തിലെ ആദ്യ കെട്ടിടം ആനക്കര ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലേതാണ്.തൃത്താല മണ്ഡലത്തില്‍ ഒന്‍പത് വിദ്യാലയങ്ങളിലാണ് കിഫ്ബി ഫണ്ടില്‍് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. അതില്‍ ആനക്കര ഗവ. ഹയര്‍സെക്കന്ററി വിദ്യാലയമുള്‍പ്പെടെ ആറ് വിദ്യാലയങ്ങള്‍ക്കാണ് 3.90 കോടി  രൂപ അനുവദിച്ചിട്ടുള്ളത് .

13928.39 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ മൂന്ന് നിലകളിലായി ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ഓരോ നിലയിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറ് ക്ലാസ് റൂമുകള്‍, നാല് ലാബ് മുറികള്‍, പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവ ദിനങ്ങളില്‍ വിശ്രമിക്കുന്നതിനായി പ്രത്യേകമായി ഒരു മുറി എന്നിവ കൂടി സജ്ജീകരിച്ചിട്ടുണ്ട്. ഭാവിയില്‍ ലിഫ്റ്റ് സംവിധാനം ഒരുക്കാന്‍ വേണ്ട സൗകര്യവും കെട്ടിടത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2004 ലാണ് വിദ്യാലയത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിച്ചത്. നിലവില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഉള്‍പ്പെടെ 1300 വിദ്യാര്‍ഥികളാണ് വിദ്യാലയത്തില്‍ പഠിക്കുന്നത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ ലാബുകള്‍  സാധാരണ ക്ലാസ്സ് റൂമുകളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പുതിയ കെട്ടിടം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി കുട്ടികളുടെ പഠനനിലവാരം കൂടുതല്‍ ഉയര്‍ത്തുവാനും സാധിക്കും.

date