സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ തുടങ്ങുന്നു
കുടുംബശ്രീ മിഷനും സംസ്ഥാന ആഭ്യന്തര വകുപ്പും സംയുക്തമായി നടപ്പാക്കുന്ന സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ നാളെ (മാര്‍ച്ച് 15) മുതല്‍ ആരംഭിക്കും. സംസ്ഥാനത്തുടനീളം എസിപി, ഡിവൈഎസ്പി ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കുടുംബശ്രീ മിഷന്റെ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡസ്ക്കിന്റെ കൗണ്‍സിലിംഗ് സേവനം പോലീസ് സ്റ്റേഷനുകളിലും ഉറപ്പാക്കുകയാണ്. പോലീസ് സ്റ്റേഷനുകളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവരില്‍ അടിയന്തര മാനസിക പിന്തുണ ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കും. ജില്ലയിലെ തൃശ്ശൂര്‍, ഒല്ലൂര്‍, ഗുരുവായൂര്‍, കുന്നംകുളം എസിപി ഓഫീസുകളിലും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ചാലക്കുടി എന്നീ ഡിവൈഎസ്പി ഓഫീസുകളിലും മാര്‍ച്ച് 15 മുതല്‍ കമ്മ്യൂണിറ്റി കൗണ്‍സിലിങ്ങ് സേവനത്തിന് തുടക്കമാകും.
മാര്‍ച്ച് 15 ന് സ്നേഹിത-പൊലീസ് എക്സ്റ്റന്‍ഷന്‍ സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് നടക്കുന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വ്വഹിക്കും. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസില്‍ സാമൂഹ്യനീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവും ഒല്ലൂര്‍ എസിപി ഓഫീസില്‍ റവന്യു മന്ത്രി കെ. രാജനും തൃശ്ശൂര്‍ എസിപി ഓഫീസില്‍ പി. ബാലചന്ദ്രന് എംഎല്‍എയും കുന്നംകുളം എസിപി ഓഫീസില്‍ എ.സി മൊയ്തീന് എംഎല്‍എയും ഗുരുവായൂര്‍ എസിപി ഓഫീസില്‍ എന്‍.കെ അക്ബര്‍ എംഎല്‍എയും കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി ഓഫീസില്‍ വി.ആര് സുനില്‍കുമാര്‍ എംഎല്‍എയും ചാലക്കുടി ഡിവൈഎസ്പി ഓഫീസില്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എയും ഉദ്ഘാടനം ചെയ്യും.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും ഉന്നമനവും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ മിഷന്റെ സ്ഥാപനമാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക്. 2013 മുതല്‍ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മറ്റു ന്യൂനപക്ഷപ്പെടുന്നവര്ക്കും താല്‍ക്കാലിക അഭയവും കൗണ്‍സിലിംഗ് സേവനവും സ്നേഹിത വഴി നല്കുന്നു. വിവിധ പൊലീസ് സ്റ്റേഷനുകള്‍, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ വനിതാ ഓഫീസര്‍, സാമൂഹ്യ നീതി വകുപ്പ്, ജ്യുവനയില്‍ ജസ്റ്റിസ് ബോര്‍ഡ്, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും റഫര്‍ ചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ മാനസിക പിന്തുണയും താല്‍ക്കാലിക താമസ സൗകര്യവും സ്നേഹിത സെന്ററുകളില്‍ നല്കിവരുന്നു. ഇതിനായി രണ്ട് മുഴുവന്‍ സമയ കൗണ്‍സിലര്‍മാരും 6 സര്‍വ്വീസ് പ്രൊവൈഡര്‍മാരും സ്നേഹിത സെന്ററില്‍ പ്രവര്‍ത്തിക്കുന്നു. ആവശ്യമായ നിയമ ഉപദേശം നല്‍കുന്നതിന് നിയമ വിദഗ്ധരുടെ സേവനവും നല്‍കാറുണ്ട്. തൃശ്ശൂരില്‍ എത്തുന്ന സ്ത്രീകള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ ചെറിയ തുകയ്ക്ക് താമസ സൗകര്യവും സ്നേഹിത ഒരുക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം ലഭിച്ച 33 കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ സ്നേഹിതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്നേഹിത - പോലീസ് എക്സ്റ്റന്‍ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനത്തിനായി ക്രിമിനല്‍ സൈക്കോളജിയില്‍ ഇവര്‍ക്ക് പരിശീലനം നല്കിവരുന്നു.
- Log in to post comments