Skip to main content
വിജ്ഞാനകേരളം ജനകീയ ക്യാംപയിൻ റിസോഴ്‌സ് പേഴ്‌സൺമാർക്കുള്ള പരിശീലനം തെള്ളകം ചൈതന്യ പാസ്റ്റർ സെന്ററിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ ഉദ്ഘാടനം ചെയ്യുന്നു.

വിജ്ഞാനകേരളം ജനകീയ ക്യാംപയിൻ: റിസോഴ്‌സ് പേഴ്‌സൺ മാർക്കുള്ള പരിശീലനം പൂർത്തിയായി

 അഭ്യസ്തവിദ്യർക്ക് തൊഴിലും വിദ്യാർഥികൾക്ക് തൊഴിൽപരിശീലനവും ഒരുക്കുന്ന വിജ്ഞാനകേരളം ജനകീയ ക്യാംപയിൻ  ജില്ലയിൽ സജീവമാകുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്  കീഴിൽ കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിലുള്ള പദ്ധതിക്ക് കിലയുടെയും കുടുംബശ്രീ മിഷന്റെയും സമ്പൂർണ പങ്കാളിത്തം ഉണ്ട്.
 ഒരു വർഷം അഞ്ചുലക്ഷം പേർക്ക് തൊഴിൽ, രണ്ടുലക്ഷം പേർക്ക് നൈപുണ്യ പരിശീലനം എന്നീ പ്രഖ്യാപനത്തോടെ ആയിരുന്നു  സംസ്ഥാനതലത്തിൽ പദ്ധതിയുടെ തുടക്കം. ജില്ലയിൽ തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ പദ്ധതി കാര്യക്ഷമമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്.
പ്രവർത്തനം താഴേതട്ടിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ  ഭാഗമായി ജില്ലയിൽ 360 റിസോഴ്‌സ് പേഴ്‌സൺമാരെയാണ് പ്രവർത്തനസജ്ജരാക്കിയിട്ടുണ്ട്.  ഇവരിൽ 100 ജില്ലാതല റിസോഴ്‌സ് പേഴ്‌സൺ, 78 കമ്മ്യൂണിറ്റി അംബാസിഡർ, 78 സിഡിഎസ് ചെയർപേഴ്‌സൺ, 86 സാക്ഷരത പ്രേരക്, 18 മാസ്റ്റർ ട്രെയിനർ എന്നിവരുണ്ട്.  സാക്ഷരതാ പ്രേരക്, സിഡിഎസ് ചെയർപേഴ്‌സൺ, കമ്മ്യൂണിറ്റി അംബാസിഡർ എന്നിവർക്കുള്ള ജില്ലാതല പരിശീലനം പൂർത്തീകരിച്ചിട്ടുള്ളതാണ്.

ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ എന്നിവിടങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇവർ. ആദ്യഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തിലും നഗരസഭാതലത്തിലും പരിശീലനങ്ങൾ സംഘടിപ്പിക്കും. സന്നദ്ധ പ്രവർത്തനത്തിന് താൽപര്യമുള്ള യുവതീയുവാക്കളെയാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി തദേശതലങ്ങളിൽ  നടക്കുന്ന തൊഴിൽമേളകൾ അടക്കമുള്ള പരിപാടികളുടെ ഏകോപനം ഇവരായിരിക്കും നിർവഹിക്കുക.
ജില്ലയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട റിസോഴ്‌സ് പേഴ്‌സൺമാർക്കുള്ള പരിശീലനം തെള്ളകം ചൈതന്യ പാസ്റ്റർ സെന്ററിൽനടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ  മഞ്ജു സുജിത്ത് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് ദിവാകർ സ്വാഗതം  ആശംസിച്ചു. വിജ്ഞാനകേരളം പദ്ധതി ഉപദേഷ്ടാവ് ഡോക്ടർ ടി എം തോമസ് ഐസക്ക് പദ്ധതി വിശദീകരണം നൽകി. പരിശീലനത്തിന്റെ വിവിധ സെഷനുകൾ  കെ ഡിസ്‌ക് പ്രോഗ്രാം എക്‌സിക്യൂട്ടീവ് മാരായ നൈമ ഷാജി, ബാസിൽ റഷീദ് എന്നിവർ നയിച്ചു. കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, ആർ.ജി.എസ്.എ.ജില്ലാ കോർഡിനേറ്റർ സിന്ദൂര സന്തോഷ്, കെ.കെ.ഇ.എം. ജില്ലാ പ്രോഗ്രാം മാനേജർ കെ.ജി. പ്രീത എന്നിവർ പങ്കെടുത്തു.

date