ചാലക്കുടി നഗരസഭ വികസന സെമിനാര്‍ നടത്തി
ചാലക്കുടി നഗരസഭയുടെ 2025-26 വാര്‍ഷിക പദ്ധതിക്ക് വികസന സെമിനാര്‍ അംഗീകാരം നല്കി. ബജറ്റ് വിഹിതമായി നഗരസഭക്ക് അനുവദിച്ചിട്ടുള്ള 21 കോടി രൂപക്ക് പുറമെ തനത് ഫണ്ടും, ഹെല്‍ത്ത് ഗ്രാന്റ്, ശുചിത്വ മിഷന് ഗ്രാന്റ് തുടങ്ങിയ ഫണ്ടുകളും ഉള്‍പ്പെടുന്നതാണ് ഈ വര്‍ഷത്തെ പദ്ധതികള്‍. ചാലക്കുടി നിയോജകമണ്ഡലം എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
പൊതു ഇടങ്ങളില്‍ ശുചിത്വത്തോടൊപ്പം സൗന്ദര്യവല്‍ക്കരണവും നടത്താന്‍ പൊതുജന സഹകരണത്തോടെ നിരവധി പദ്ധതികള്‍ തയ്യാറാക്കും. 'നന്മ ലഹരി' എന്ന നൂതന പദ്ധതി നടപ്പാക്കാനും, യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ഫുട്ബോള്‍, വോളിബോള്‍, ബാസ്കറ്റ് ബോള്‍, ഷട്ടില്‍, നീന്തല്‍ എന്നീ തുടര്പരിശീന പരിപാടികള്‍ നടത്താനും, ഇന്‍ഡോര്‍ സ്റ്റേഡിയം പ്രവര്‍ത്തനക്ഷമമാക്കാനും പദ്ധതിയില്‍ തുക വകയിരുത്തി. നഗരസഭ പാര്‍ക്ക്,
വിവിധ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവും, സൗന്ദര്യവല്‍ക്കരണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ക്കറ്റിന്റെ നവീകരണം, കര്‍ഷക ചന്ത, തരിശ് രഹിത ചാലക്കുടി, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സമഗ്ര വിദ്യാഭ്യാസ പദ്ധതി, സ്നേഹസ്മൃതി, ഉണര്‍വ് സാംസ്കാരികോത്സവം, പ്രാഥമിക ശുശ്രൂഷ പരിശീലനം, തുടങ്ങിയ വിവിധ പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചാലക്കുടി നഗരസഭ ചെയര്മാന് ഷിബു വാലപ്പന് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്പേഴ്സന് സി. ശ്രീദേവി, സ്ഥിരം സമിതി അധ്യക്ഷരായ ബിജു എസ്. ചിറയത്ത്, പ്രീതി ബാബു, ദീപു ദിനേശ്, ആനി പോള്‍, എം.എം അനില്‍കുമാര്‍, മുന്‍ ചെയര്മാന്മാരായ വി.ഒ. പൈലപ്പന്, എബി ജോര്‍ജ്ജ്, ആലീസ് ഷിബു എന്നിവരും വാര്‍ഡ് കൗണ്‍സിലര്‍മാരായ സി.എസ് സുരേഷ്, നീത പോള്‍, സെക്രട്ടറി കെ. പ്രമോദ്, നിപ്മര്‍ പ്രതിനിധി ചന്ദ്രബാബു, ആസൂത്രണ സമിതി അംഗങ്ങളായ വി.ജി ഗോപിനാഥ്, ഡോ. ജോസ് കുര്യന്, കെ. ഗോപാലകൃഷ്ണന്, വി.എല്‍. ജോണ്സന്, കെ. ജെയിംസ് പോള്‍, ജോര്‍ജ്ജ് തോമസ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments