Skip to main content

ജില്ലാ ഗെയിംസ് ഫെസ്റ്റിവലിന് തുടക്കമായി

കായിക കേരളത്തിന് പുത്തന്‍ പ്രതിഭകളെ സമ്മാനിക്കാന്‍ ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ ഗെയിംസ് ഫെസ്റ്റിവലിന് പാറശാലയില്‍ തുടക്കമായി. പാറശാല ജയമഹേഷ് ഓഡിറ്റോറിയത്തില്‍ നടന്ന ഗെയിംസ് ഫെസ്റ്റിന്റെ ഉദ്ഘാടനം സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ നിർവ്വഹിച്ചു.

കുട്ടികളുടെ കായികശേഷി വികസിപ്പിക്കുന്നതിനും അതുവഴി ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിനും സംസ്ഥാനത്തെ ഓരോ ഗ്രാമപഞ്ചായത്ത് വാര്‍ഡിലും ഒരു കളിക്കളം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് എംഎൽഎ പറഞ്ഞു. സ്പോട്സിലൂടെ നമുക്ക് ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയുന്ന അറിവുകള്‍ പലതാണ്. വഴിവിട്ട ജീവിതരീതിയില്‍ നിന്ന് പുതുതലമുറയെ അകറ്റാനും അവരെ നേര്‍വഴിക്ക് നയിക്കാനും ഗെയിംസ് ഫെസ്റ്റുകള്‍ക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി പവതിയാന്‍വിളയില്‍ നിന്നും പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെന്‍ഡാര്‍വിന്‍ നയിച്ച ജില്ലാ ഗെയിംസ് ഫെസ്റ്റിവലിന്റെ വിളംബര ജാഥയില്‍  ജനപ്രതിനിധികളും സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളും പങ്കെടുത്തു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പവതിയാന്‍വിള ജംഗ്ഷനിലും പാറശാല പോസ്റ്റ് ഓഫിസ് ജംഗ്ഷനിലും ലഹരി വിരുദ്ധ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ഫെസ്റ്റ് മാർച്ച് 17ന് സമാപിക്കും.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെന്‍ഡാര്‍വിന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു, പാറശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍വേഡിസ, ജില്ലാ പഞ്ചായത്ത് അംഗം സൂര്യ.എസ്.പ്രേം, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ആര്യദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date