യുവ തലമുറയ്ക്കായുള്ള പദ്ധതിയാണ് കൃഷി സമൃദ്ധി : മന്ത്രി പി.പ്രസാദ്
#നേമം കൃഷി ഭവനെ കൃഷിസമൃദ്ധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി
യുവ തലമുറയ്ക്കായുള്ള പദ്ധതിയാണ് 'കൃഷി സമൃദ്ധി'യെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കാര്‍ഷിക മേഖലയിലെ സമഗ്രവികസനം ലക്ഷ്യമിട്ട് കൃഷിവകുപ്പ് നടപ്പിലാക്കുന്ന കൃഷിസമൃദ്ധി പദ്ധതിയിൽ നേമം കൃഷി ഭവനെ ഉൾപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാഷണല്‍ സര്‍വീസ് സ്‌കീം മുന്‍കൈയെടുത്ത് പദ്ധതിയ്ക്കായി വിവരശേഖരണം നടത്തുന്നത് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. കൃഷിയുടെ ആനുകൂല്യം കൈപ്പറ്റുന്നവരാണ് എല്ലാവരും. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ 95% കൃഷി ചെയ്ത് ഉണ്ടാക്കുന്നതാണ്.
2050 ഓടെ ലോക ജനസംഖ്യ ആയിരം കോടിയിലേയ്ക്ക് ഉയരും എന്നാണ് പറയപ്പെടുന്നത്. ഈ ആയിരം കോടി പേര്‍ക്ക് എങ്ങനെ ഭക്ഷണം ലഭ്യമാക്കാന്‍ സാധിക്കും എന്നതാണ് ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ ചോദ്യം. നിങ്ങളുടെ ഭക്ഷണം എങ്ങനെ ആയിരിക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് നിങ്ങളുടെ ഭാവി. അവിടെയാണ് ഈ പദ്ധതിയുടെ പ്രസക്തി. കൃഷി സമൃദ്ധി എന്നാല്‍ നമുക്ക് സാധ്യമാകുന്ന എല്ലാ അര്‍ഥത്തിലും കൃഷി ചെയ്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനുള്ള ശ്രമമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന സമഗ്ര കൃഷി കര്‍മപദ്ധതിയായ കൃഷി സമൃദ്ധിയില്‍ ആദ്യ ഘട്ടത്തില്‍ കേരളത്തിലെ 107 കൃഷിഭവനുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ എട്ടു കൃഷി ഭവനുകള്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്. കാര്‍ഷിക മേഖലയെ ശാക്തീകരിക്കുക, കാര്‍ഷിക സ്വയംപര്യാപ്തത കൈവരിക്കുക, കര്‍ഷകരുടെ വരുമാനവര്‍ധനവ് ഉറപ്പാക്കുക, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
ആദ്യ ഘട്ടത്തില്‍ സമഗ്രമായ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ ഉത്പാദന വിള നിര്‍ണയ വിപണന രേഖ തയാറാക്കും. എ.പി.ജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ വിവരശേഖരണത്തിനും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കും. കതിര്‍ ആപ്പിലൂടെയാണ് കൃഷി സംബന്ധിച്ച വിവരശേഖരണം നടപ്പിലാക്കുക.
കൂടാതെ നേമം കൃഷിഭവന്‍ പ്രദേശം കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിലേക്ക് നടപ്പിലാക്കുന്ന ഫ്രൂട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി എന്‍.ആര്‍.പി.എഫിന്റെ സഹകരണത്തോടെ ട്രീ ടാഗിംഗ് നടത്തുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
പാപ്പനംകോട് ദര്‍ശന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭാ വികസന സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ഷാജിത അധ്യക്ഷത വഹിച്ചു. സിഎസ്‌ഐആര്‍ - നിസ്റ്റ് ഡയറക്ടര്‍ അനന്ദരാമകൃഷ്ണന്‍ മുഖ്യ അതിഥിയായി. നഗരസഭാ കൗണ്‍സിലര്‍മാര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments