Skip to main content
.

വാഗമൺ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ മാർച്ച് 19 മുതൽ 23 വരെ

 

 

* ടൂറിസം മന്ത്രി 22 ന് വാഗമണ്ണിൽ 

 

ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ വാഗമൺ ഇന്റർനാഷണൽ ടോപ്പ് ലാൻഡിംഗ് അക്യുറസി കപ്പ് എന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ മാർച്ച് 19 മുതൽ 23 വരെ ഇടുക്കി വാഗമണ്ണിൽ നടക്കും. 75 മത്സരാർത്ഥികളും നാല്പതിലധികം വിദേശ ഗ്ലൈഡറുകളും പങ്കെടുക്കും. വാഗമണിലെ പാരാഗ്ലൈഡിംഗ് സാധ്യതകൾ അന്താരാഷ്ട്ര തലത്തിൽ എത്തിക്കുക , സാഹസിക ടൂറിസത്തിൽ കേരളത്തെ ലോകത്തിന് മുന്നിൽ പ്രദര്ശിപ്പിക്കുക എന്നതാണ് ഫെസ്റിവലിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് 22 ന് ഫെസ്റിവലിനോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.

 

കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെ.എ.ടി.പി.എസ്.), ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡി.ടി.പി.സി.) എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫെഡറേഷൻ എയറോനോട്ടിക് ഇന്റർനാഷണൽ (എഫ്.എ.ഐ), എയ്‌റോ ക്ലബ് ഓഫ് ഇന്ത്യ (എ.സി.ഐ), ഓറഞ്ച് ലൈഫ് പാരാഗ്ലൈഡിംഗ് സ്കൂൾ ഇന്ത്യ (ഒ.എൽ.പി.എസ്.ഐ) എന്നിവയുടെ സാങ്കേതികപിന്തുണയും ഉണ്ടാകും. 

 

അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിൽ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, യുഎസ്, യുകെ, നേപ്പാൾ, ബെൽജിയം, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്, തുർക്കി, ബ്രസീൽ, ജോർജിയ, മലേഷ്യ, തായ്‌ലൻഡ്, ഭൂട്ടാൻ, പെറു, ചെക്ക് റിപ്പബ്ലിക്, നോർവേ, സ്വീഡൻ, കാനഡ, ഡെൻമാർക്ക് എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ മത്സരാർത്ഥികളും ഡൽഹി, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഡൽഹി, ഗോവ, സിക്കിം, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ആഭ്യന്തര മത്സരാർത്ഥികളും പങ്കെടുക്കും.

 

മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നയാൾക്ക് 1,50,000 രൂപയും, രണ്ടാം സ്ഥാനത്തിന് 1,00,000 രൂപയും, മൂന്നാം സ്ഥാനത്തിന് 50,000 രൂപയുമാണ് സമ്മാനമായി ലഭിക്കുക.

 

പാരാഗ്ലൈഡിംഗ് മത്സരങ്ങളോടനുബനബന്ധിച്ച് വാഗമൺ ഫെസ്റ്റ് സംഘടിപ്പിക്കുന്നതിനും സംഘാടക സമിതിക്ക് ആലോചനയുണ്ട്. പീരുമേട് എം എൽ എ വാഴൂർ സോമന്റെ അധ്യക്ഷതയിൽ വാഗമൺ അഡ്വെഞ്ചർ പാർക്കിൽ ചേർന്ന ആലോചനയോഗത്തിലാണ് ഇത് സംബന്ധിച്ച ആശയംരൂപപ്പെട്ടത്. ഫെസ്റ്റിവൽ ദിവസങ്ങളിൽ പൊതുജനങ്ങൾക്കുള്ള പ്രവേശനഫീസ് ഒഴിവാക്കുന്നത് സംബന്ധിച്ച ചർച്ചയും യോഗത്തിൽ നടന്നു. അന്താരാഷ്ട്രതലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ ഇത്തരം മത്സരങ്ങൾ വഴിയൊരുക്കുമെന്നും ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും എം എൽ എ വാഴൂർ സോമൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ ടി ബിനു , ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ് , പീരുമേട് ഡി വൈ എസ് പി വിശാൽ ജോൺസൺ, അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.

 

ചിത്രം : പീരുമേട് എം എൽ എ വാഴൂർ സോമന്റെ അധ്യക്ഷതയിൽ വാഗമൺ അഡ്വെഞ്ചർ പാർക്കിൽ ചേർന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ ആലോചനയോഗം

വീഡിയോ ലിങ്ക് : https://www.transfernow.net/dl/20250313qqXN1nl5

https://drive.google.com/drive/folders/1x8h9aynWlxFk8Ek-U05ipW8qykXqVVKM?usp=sharing

https://drive.google.com/drive/folders/1_iJ5KUlLTTR0LLey2T849Sm0fmKrAON-?usp=sharing

 

date