Skip to main content

ലഹരിക്കെതിരെ സ്‌കൂളുകളിൽ ജാഗ്രതാ ദിനം ആചരിക്കും

വിദ്യാർഥികളിൽ വളർന്നു വരുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും അക്രമവാസനകളും തടയുന്നതിന് എസ് എസ്എൽസി, പ്ലസ് ടു പരീക്ഷകൾ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ ജാഗ്രത ദിനം ആചരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്നകുമാരി അറിയിച്ചു. കുട്ടികളിലെ ആക്രമവാസനകൾ, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന  ജില്ലാതല ജാഗ്രതാ സമിതി യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. എസ്എസ്എൽസി പരീക്ഷ പൂർത്തിയാകുന്ന മാർച്ച് 26ന് എല്ലാ സ്‌കൂളുകളിലും ജാഗ്രത സമിതി രൂപീകരിച്ച്  ജനകീയ ക്യാമ്പയിൻ തുടങ്ങും. അധ്യാപകർ, രക്ഷിതാക്കൾ, തദ്ദേശസ്ഥാപന പ്രതിനിധികൾ, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ യുവജന-വിദ്യാർത്ഥി സംഘടനക പ്രതിനിധികൾ എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും. എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ പൂർത്തിയാകുന്ന യഥാക്രമം മാർച്ച് 19, 26, 29 തിയതികൾ ജാഗ്രതാ ദിനമായി ആചരിക്കും. ഇതിന്റെ തുടർച്ചയായി പൊതു വിദ്യാഭ്യാസം, പോലീസ്, എക്സൈസ്, സാമൂഹ്യ നീതി, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകൾ നടത്തുന്ന വിവിധ പദ്ധതികൾ ഏകോപിപ്പിക്കും. സ്‌കൂൾ തലത്തിലുള്ള സ്റ്റുഡന്റ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ് പി ജി) ശക്തിപ്പെടുത്തും. എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തി ഗ്രൂപ്പ് സജീവമാക്കും. കൃത്യമായ ഇടവേളകളിൽ എസ് പി ജി യോഗം ചേർന്ന് ഇത് സംബന്ധിച്ച റിപ്പോർട്ട് എല്ലാ മാസവും ജില്ലാതലത്തിലുള്ള നാർകോ കോർഡിനേഷൻ സെന്റർ മീറ്റിങ്ങിൽ അവലോകനം ചെയ്യും. തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് നിലവിലുള്ള പഞ്ചായത്ത് എജുക്കേഷൻ കമ്മിറ്റിയെ ശക്തിപ്പെടുത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം സി.പി. ഷിജു, ജില്ലാ സബ് ജഡ്ജിയും ഡിഎൽഎസ്എ സെക്രട്ടറിയുമായ പി മഞ്ജു, കണ്ണൂർ സിറ്റി അഡീഷണൽ എസ് പി കെ.വി വേണുഗോപാൽ, വിദ്യാഭ്യാസ ഉപഡയറക്ടർ ഇൻ ചാർജ് എ.എസ് ബിജേഷ്, ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ പി ബിജു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പൊതുമുതൽ നശിപ്പിച്ചാൽ ഉത്തരവാദി രക്ഷിതാക്കൾ: ജില്ലാതല ജാഗ്രതാ സമിതി

സ്‌കൂളിലെ ഫർണിച്ചറുകൾ, ടോയിലറ്റ് ഉൾപ്പെടെയുള്ള പൊതുമുതൽ നശിപ്പിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം അവ നശിപ്പിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ആയിരിക്കുമെന്ന് ജില്ലാതല ജാഗ്രതാ സമിതി. അവസാന പ്രവൃത്തി ദിവസങ്ങളിലും പരീക്ഷ കഴിയുന്ന ദിവസവും ചില വിദ്യാർഥികൾക്ക് വിദ്യാലയങ്ങളിലെ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ളവ നശിപ്പിക്കുന്ന പ്രവണതയുണ്ടെന്നും ഇതിനെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും വിദ്യാലയങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം രക്ഷിതാക്കൾ ഏറ്റെടുക്കണമെന്നും സമിതി അറിയിച്ചു. 

സ്‌കൂളുകളിൽ ജാഗ്രതാ സമിതി രൂപീകരിച്ച് ആരംഭം കുറിക്കുന്ന ജനകീയ ക്യാമ്പയിന്റെ തുടർപ്രവർത്തനങ്ങൾ അവലോകനം ചെയ്യും. വിദ്യാർഥികളോട് കൂടുതലായി സംവദിച്ച് സാമൂഹ്യവിരുദ്ധരെ തിരിച്ചറിയാനുള്ള മാർഗങ്ങൾ കണ്ടെത്തണം. സമൂഹത്തിൽ നിന്നും ലഹരി പൂർണമായി ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ താഴെത്തട്ടിൽ വരെ എത്തിക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടു പോകാനും ജാഗ്രതാ സമിതിയിൽ തീരുമാനമായി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ജില്ലാതല ജാഗ്രതാ സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. ജില്ലാ കലക്ടർ അരുൺ. കെ. വിജയൻ മുഖ്യാതിഥിയായി. കണ്ണൂർ ബാർ അസോസിയേഷൻ അംഗം അഡ്വ. രാധാകൃഷ്ണൻ ക്ലാസെടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ യു.പി ശോഭ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി ഗംഗാധരൻ മാസ്റ്റർ, ജില്ലാ സബ് ജഡ്ജിയും ഡിഎൽഎസ്എ സെക്രട്ടറിയുമായ പി മഞ്ജു, കണ്ണൂർ സിറ്റി അഡീഷണൽ എസ് പി കെ.വി വേണുഗോപാൽ, എക്സൈസ് ഇൻസ്‌പെക്ടർ സലിൻ കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ ഇൻ ചാർജ് എ.എസ് ബിജേഷ്, കണ്ണൂർ ആർ.ഡി.ഡി ആർ.രാജേഷ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ വി.വി പ്രേമരാജൻ, ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ പി ബിജു, ജനപ്രതിനിധികൾ, ജില്ലയിലെ വിവിധ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർ, പ്രധാനധ്യാപകർ, പി ടി എ പ്രസിഡന്റുമാർ, ഉദ്യാഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date