കാസര്‍കോട് ജില്ലാ പഞ്ചായത്ത് 2025 വര്‍ഷത്തെ സമം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
സാംസ്ക്കാരിക വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന സമം സാസ്ക്കാരികോത്സവത്തിന്റെ നാലാം പതിപ്പ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് 2025 വര്‍ഷത്തെ സമം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
കായികം, സാഹിത്യം, സംരംഭകത്വം, സിനിമ, ജനപ്രതിനിധി വിഭാഗങ്ങളിലായി ആറ് വനിതകളും കൂടുതല്‍ ഫുട്ബോള്‍ താരങ്ങളെ ജില്ലയ്ക്ക് സംഭാവന ചെയ്ത വുമണ്‍സ് ഫുട്ബോള്‍ ക്ലിനിക്കിനുമാണ് അവാര്‍ഡ്.
സി.വി പ്രമീള
വികസനത്തെ ജനകീയപ്പെടുത്തിയും ഗ്രാമപഞ്ചായത്ത് ഭരണത്തിന് പുതിയ മാതൃക സൃഷ്ടിച്ചും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ച ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി. പ്രമീളയ്ക്ക് 'സമം 2025' പുരസ്കാരം. സി.വി പ്രമീളയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഗ്രാമീണ വികസനത്തിന്റെ കാഴ്ച്ചപ്പാടുകള്‍ മാറ്റിമറിക്കുന്നതില്‍ നിര്‍ണ്ണായകമായിട്ടുണ്ട്. മാലിന്യ സംസ്കരണത്തില്‍ ശ്രദ്ധേയമായ സംരംഭങ്ങള്‍ നടപ്പിലാക്കിയും ലൈഫ് ഭവനപദ്ധതി, അതിദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതി, സാമൂഹിക സുരക്ഷാ പദ്ധതികള്‍, പൊതുജന സേവനങ്ങള്‍ എന്നിവയുടെ കാര്യക്ഷമമായ നടപ്പാക്കലിലൂടെയും പഞ്ചായത്ത് സംസ്ഥാനതലത്തില്‍ മാതൃകയായി.
2023-24 വര്‍ഷത്തെ തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി മികച്ച പഞ്ചായത്തിനുള്ള 'സ്വരാജ് ട്രോഫി'യില്‍ ജില്ലാതലത്തില്‍ രണ്ടാം സ്ഥാനം ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് നേടിയതും ഭരണ നൈപുണ്യത്തിന്റെ തെളിവായി. വികസന രംഗത്തുള്ള സജീവ ഇടപെടലുകളും ജനകീയപങ്കാളിത്തത്തോട് കൂടിയ ഭരണരീതിയും പ്രമീളയുടെ നേതൃത്വ പാടവം മികവുള്ളതാക്കി. കൂടാതെ, മാര്‍ച്ച് നാല്, അഞ്ച് തീയ്യതികളില്‍ കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിന ശില്പശാലയിലേക്ക് ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക വനിതാ ജനപ്രതിനിധിയായതും പ്രമീളയുടെ നേതൃ നൈപുണ്യത്തിനുള്ള അംഗീകാരമാണ്.
അഞ്ജിത എം
രാജ്യത്തിന്റെ ആദ്യ വനിതാ ഫുട്ബോള്‍ വീഡിയോ അനലിസ്റ്റായ എം. അഞ്ജിതക്ക് 'സമം 2025' അവാര്‍ഡ്. ജില്ലാ പഞ്ചായത്തും സാംസ്കാരിക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 'സമം 2025' സംസ്കാരിക ഉത്സവത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ മേഖലയിച്ച വനിതകകള്‍ക്ക് നല്കുന്ന അവാര്‍ഡ് ആണ് വനിതാ രത്നം. 23 കാരിയായ അഞ്ജിത, സ്വന്തം ടീമിന്റെയും എതിരാളികളുടെയും കളി സൂക്ഷ്മമായി വിലയിരുത്തി കൃത്യമായ കളിതന്ത്രങ്ങള്‍ രൂപപ്പെടുത്തുന്ന ഒരു ഫുട്ബോള്‍ ടെക്നിക്കല്‍ വിദഗ്ധയാണ്. ഗോകുലം (സീനിയര്‍) ടീമിന്റെ വീഡിയോ അനലിസ്റ്റ് ആയി കരാര്‍ ഒപ്പുവച്ചതോടെ, ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫുട്ബോള്‍ വീഡിയോ അനലിസ്റ്റ് എന്ന അഭിമാന നേട്ടം ഇനി അഞ്ജിതയ്ക്ക് സ്വന്തം.
നേരത്തേ മുത്തൂറ്റ് എഫ്.സിയുടെ വീഡിയോ അനലിസ്റ്റായി പ്രവര്‍ത്തിച്ചിരുന്ന അഞ്ജിത പ്രൊഫഷണല്‍ ഫുട്ബോള്‍ സ്കൗട്ടിങ് അസോസിയേഷനില്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രൊഫഷണല്‍ അനലിസ്റ്റ് എന്ന നിലയിലേക്ക് എത്തിയത്. ബങ്കളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയ അഞ്ജിത എട്ടാം ക്ലാസ് മുതലാണ് ഫുട്ബോള്‍ പരിശീലനം ആരംഭിക്കുന്നത്.
നാട്ടുകാരനായ പരിശീലകന് നിതീഷിന്റെ പിന്തുണയും കോളേജ് കാലത്ത് ലഭിച്ച മികച്ച അവസരങ്ങളും അഞ്ജിതയ്ക്ക് ഊര്‍ജം പകര്‍ന്നു. ഇരിങ്ങാലക്കുട സെയ്ന്റ് ജോസഫ്സ് കോളേജില്‍ ബിരുദ പഠനകാലത്ത്, കേരള ജൂനിയര്‍, സീനിയര്‍ വനിതാ ടീമുകളില്‍ ഇടം നേടിയ അഞ്ജിത, കാലിക്കറ്റ് സര്‍വകലാശാലയ്ക്കുവേണ്ടിയും മത്സരിച്ചു. പ്രതിരോധനിരയില്‍ കഴിവുതെളിയിച്ച അവള് പിന്നീട് ബെംഗളൂരു ബ്രേവ്സ്, കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ നൈറ്റ്സ് തുടങ്ങി പ്രമുഖ ക്ലബ്ബുകളുടെ ജേഴ്സി അണിഞ്ഞു. തൃശ്ശൂര്‍ കാര്‍മല്‍ കോളേജില്‍ എം.കോം വിദ്യാര്‍ത്ഥിനിയായ അഞ്ജിത ഫുട്ബോളിനൊപ്പം പഠനത്തിലും മുന്നിലാണ്.
ആയിഷ റൂബി
ഫാഷന്‍ ഡിസൈനിംഗിലുമുള്ള ശ്രദ്ധേയമായ സംഭാവനകള്‍ പരിഗണിച്ച് വനിതാ സംരംഭകയായ ആയിഷ റൂബിക്ക് 'സമം 2025' പുരസ്കാരം. കൈത്തുന്നല്‍ പഠിച്ചു തുടങ്ങിയ ഒരു ഹോബിയെ ഒരു കരിയറായി മാറ്റിയ വിജയഗാഥയാണ് ആയിഷ റൂബിയുടെ കഥ. കുട്ടിക്കാലത്ത് തുണിത്തരങ്ങള്‍ തുന്നി പാവകളെ അലങ്കരിച്ച കൗതുകം, ഇന്നത്തെ ഒരു ആഗോള ബ്രാന്‍ഡിലേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ ഉണ്ടായിരുന്ന ആയിഷയുടെ വസ്ത്രങ്ങള്‍ക്ക്, ഇന്ന് യൂറോപ്പിലും മറ്റ് അന്താരാഷ്ട്ര വിപണികളിലും ആവശ്യക്കാര്‍ ഏറെയാണ്. ജര്‍മന്‍ ഗ്ലോബല്‍ ഇക്കണോമിക് ഫോറത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യ സെനറ്റ് അംഗമായതും മോസ്കോയില്‍ ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി നടന്ന ഫാഷന്‍ ഷോയില്‍ കേരളത്തില്‍ നിന്ന് പങ്കെടുക്കാന്‍ അവസരം ലഭിച്ച ഏക ഡിസൈനറായതും ആയിഷയുടെ കഴിവ് ആഗോള തലത്തില്‍ ശ്രദ്ധ നേടാന്‍ കാരണമായി.
2001-ല്‍ ചെറിയ രീതിയില്‍ ആരംഭിച്ച തുന്നല്‍ യൂണിറ്റ് ഇന്ന് 200ലധികം പേര്‍ക്ക് തൊഴില്‍ ഭദ്രത ഉറപ്പാക്കുന്ന മൂന്ന് ഫാക്ടറികളാണ്. ചന്ദ്രനഗര്‍, തിരുപ്പൂര്‍, സൂറത്ത് എന്നിവിടങ്ങളില്‍ നിന്നാണ് ആയിഷയുടെ ബ്രാന്‍ഡിന്റെ ഉല്‍പ്പന്നങ്ങള്‍ ലോകവ്യാപകമായി കയറ്റുമതി ചെയ്യുന്നത്. അമ്മയുടെ പേരില്‍ ആരംഭിച്ച 'മറിയം ഫൗണ്ടേഷന് ഫോര്‍ എംപവറിങ് വിമന്‍' എന്ന സംഘടന, സ്ത്രീകള്‍ക്കായി നൈപുണ്യ വികസന ക്ലാസുകളും വിവിധ തൊഴില്‍പരിശീലനങ്ങളും സംഘടിപ്പിക്കുന്നു. ഫാഷന്‍ വ്യവസായത്തില്‍ കേരളത്തിന്റെ പേര് ആഗോള തലത്തില്‍ എത്തിച്ച ഈ സംരംഭക ഇനിയും ഉയരങ്ങളിലെത്തുമെന്നത്തില് സംശയമില്ല.
ഫര്‍സാന ബിനി അസ്ഫര്‍
സിനിമയിലൂടെ സ്ത്രീ ശാക്തീകരണത്തിന് പുതിയ അധ്യായം എഴുതിയ സംവിധായിക ഫര്‍സാന ബിനി അസ്ഫറിന് 'സമം 2025' അവാര്‍ഡ്. കാസര്‍കോട് ജില്ലയില്‍ നിന്നും മലയാള സിനിമയിലേക്ക് ഒരു വനിത സംവിധായിക എന്ന അപൂര്‍വ്വ നേട്ടമാണ് ഫര്‍സാനയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് (കെ.എസ്.എഫ്.ഡി.സി) നിര്‍മ്മിച്ച മുംതാ എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെയാണ് ഫര്‍സാന ശ്രെദ്ധിക്കപെടുന്നത്. കെ.എസ്.എഫ്.ഡി.സി സംഘടിപ്പിച്ച തിരക്കഥാ വര്‍ക്ക്ഷോപ്പില്‍ 85 തിരക്കഥകളില്‍ നിന്ന് മികച്ച നാലില്‍ ഒരെണ്ണമായി 'മുംതാ' തിരഞ്ഞെടുക്കപ്പെട്ടതും സിനിമാ മേഖലയില്‍ ഫര്‍സാനയെ അടയാളപ്പെടുത്തി.
ഡോണ മരിയ ടോം
ഫെന്‍സിംഗ് കായിക രംഗത്ത് സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമായി മാറിയ ഡോണ മരിയ ടോം 'സമം 2025' അവാര്‍ഡിന് അര്‍ഹയായി. സീനിയര്‍ നാഷണല്‍ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 2020-21 വര്‍ഷത്തില്‍ വെള്ളി മെഡല്‍ നേടിയ ഡോണ, ഖേലോ ഇന്ത്യ സര്‍വകലാശാല മത്സരത്തില്‍ 7-ാം റാങ്കും കരസ്ഥമാക്കി. 2019-20 ഓള് ഇന്ത്യ സര്‍വകലാശാല ഫെന്‍സിംഗ് മീറ്റിലും പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഡോണയ്ക്ക് കഴിഞ്ഞു. ഫെന്‍സിംഗ് പരിശീലന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഡോണക്ക് കഴിഞ്ഞു. എന്‍.എസ്.എന്‍.ഐ.എസ് അംഗീകൃത ഫെന്‍സിംഗ് കോച്ചായി കേരള സംസ്ഥാന ഫെന്‍സിംഗ് കോച്ചിംഗ് ട്രെയിനിംഗ് സെമിനാറിന്റെ സര്‍ട്ടിഫിക്കറ്റും നേടിയിട്ടുണ്ട്.
ഡോ. റുഖയ മുഹമ്മദ് കുഞ്ഞി
കാസര്‍കോടിന്റെ അതിരുകള്‍ മറികടന്ന് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. റുഖയ മുഹമ്മദ് കുഞ്ഞിക്ക് 'സമം 2025' വനിതാ രത്നം പുരസ്കാരം. കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായ റുഖയയുടെ രചനകള്‍ ജര്‍മ്മന്‍, മലയാളം, കന്നട, മറാഠി ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ന്യൂ ബുക്ക് സൊസൈറ്റി ഓഫ് ഇന്ത്യ, എക്ഫ്രാസിസ് ഇന്ത്യ, സ്റ്റോരിമിറര്.കോം, ദി ഫോര്ക്കോട്ടണ് റൈറ്റേഴ്സ് ഫൗണ്ടേഷന് (ഈജിപ്ത്) തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള റൂഖയെ തേടിയെത്തി. 20ാം നൂറ്റാണ്ടിലെ ഏറ്റവും പ്രഭാവശാലിയായുള്ള ഇന്ത്യന്‍ എഴുത്തുകാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2011, 2012, 2013 വര്‍ഷങ്ങളില്‍ യാഹൂ വോയിസസ് അന്താരാഷ്ട്ര തലത്തില്‍ മികച്ച എഴുത്തുകാരില്‍ ഒരാളായി റൂഖയയെ തെരഞ്ഞെടുത്തു. 2024-ല്‍ ഫോക്സ് സ്റ്റോറി ഇന്ത്യ പ്രഖ്യാപിച്ച 100 സ്വാധീനം ചെലുത്തിയ വ്യക്തികളുടെ പട്ടികയിലും ഇടം റുഖയ നേടിയിരുന്നു.
വുമണ്‍സ് ഫുട്ബോള്‍ ക്ലിനിക്ക്
കാസര്‍കോടിന്റെ ഫുട്ബോള്‍ കായിക ഭൂപടത്തില്‍ പുതു ചരിത്രം സൃഷ്ടിച്ച വുമണ്‍സ് ഫുട്ബോള്‍ ക്ലിനിക്കിന് 'സമം 2025' വനിതാ രത്നം അവാര്‍ഡ്. കഴിഞ്ഞ പതിമൂന്നു വര്‍ഷമായി വനിതാ ഫുട്ബോള്‍ ക്ലിനിക് എന്ന വനിതാ ട്രെയിനിങ് ക്യാമ്പ് പ്രവര്‍ത്തിച്ചു വരുന്നുണ്ട്്. അതില്‍ നിരവധി സംസ്ഥാന ദേശീയ അന്തര്‍ദേശീയ താരങ്ങള്‍ വളര്‍ന്നു വന്നിട്ടുണ്ട്. 26മത് സംസ്ഥാന വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ് നടന്നതില്‍ ജില്ലയ്ക് വേണ്ടി മത്സരിച്ച് ചരിത്രത്തില്‍ ആദ്യമായി കാസര്‍കോട് കപ്പ് അടിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് വുമണ്‍സ് ഫുട്ബോള്‍ ക്ലിനിക്കിലെ എട്ട് വനിതാ പ്ലയെര്സ് ആണ്(അഞ്ജിത മണി, അഞ്ജിത എം, മാളവിക പ്രസാദ്, ആര്യശ്രീ, അശ്വതി, ആരതി, പ്രവീണ, രേഷ്മ). ടീമിലെ ആറു പേര് പത്തനംതിട്ടയില്‍ നടന്ന സീനിയര്‍ വുമണ്‍സ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.
- Log in to post comments