ജില്ലാതല ബാങ്കിങ് അവലോകന യോഗം ചേര്‍ന്നു
2024-25 സാമ്പത്തിക വര്‍ഷത്തെ ജില്ലാതല ബാങ്കിങ് മൂന്നാം പാദ അവലോകനയോഗം ചേര്‍ന്നു. ജില്ലാകളക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കാസര്‍കോട് മുന്‍പന്തിയിലാണെന്നും ഓണ്‍ലൈന്‍ ബാങ്ക് ഇടപാടുകള്‍ നടത്തുമ്പോള്‍ ബാങ്കുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ലഹരി മാഫിയകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വലിയ തുകകളുടെ ഇടപാടുകള്‍ ബാങ്കുകളില്‍ നടക്കുന്നതായി ശ്രദ്ധതിയില്‍ പെട്ടാല്‍ കൃത്യമായ ഇടപെടല്‍ നടത്തണം. സര്‍ക്കാറിന്റെ വിവിധങ്ങളായ പദ്ധതികള്‍ക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. വാര്‍ഷിക ക്രഡിറ്റ് പ്ലാന്‍ പൂര്‍ത്തിയാക്കിയ ബാങ്കുകളെ കളക്ടര്‍ അഭിനന്ദിച്ചു.
സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ജില്ലയിലെ ബാങ്കുകളുടെ വായ്പ നിക്ഷേപ അനുപാതം 90.71 ശതമാനം ആണ്. ജില്ലയിലെ ബാങ്കുകള്‍ കാര്‍ഷിക വായ്പ ഇനത്തില്‍ ലക്ഷ്യമിട്ട 5745 കോടി രൂപയില്‍ 5387.24 കോടി രൂപയുടെ (94%) ലക്ഷ്യം കൈവരിച്ചു. ചെറുകിട ഇടത്തരം വ്യവസായ മേഘലയില്‍ ലക്ഷ്യമിട്ട 1223 കോടി രൂപയില്‍ 1400 കോടി രൂപയുടെ (114%) ലക്ഷ്യം കൈവരിച്ചു. ഭവന വിദ്യാഭ്യാസം ഉള്‍പ്പെട്ട തൃതീയ മേഖലയില്‍ ലക്ഷ്യമിട്ട 399 കോടി രൂപയില്‍ 372.56 കോടി രൂപയുടെ (93%) ലക്ഷ്യം കൈവരിച്ചു. മുന്‍ഗണനാ വിഭാഗത്തില്‍ ലക്ഷ്യമിട്ട 7367 കോടി രൂപയില്‍ 7159.80 കോടി രൂപ (72%) കൈവരിക്കുകയും ചെയ്തു.
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കാനറാ ബാങ്ക് റിജണല്‍ മാനേജര്‍ അന്‍ശുമാന്‍ ദേ, നബാര്‍ഡ് ഡി.ഡി.എം ഷാരോണ്‍ വാസ്, ആര് ബി ഐ പ്രതിനിധി മുത്തുകുമാര്‍, ജില്ല ലീഡ് ബാങ്ക് മാനേജര്‍ തിപ്പേഷ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments