Skip to main content
പയ്യന്നൂർ നഗരസഭ പുതിയ ബസ്റ്റാൻ്റ് രണ്ടാം ഘട്ട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.

പയ്യന്നൂർ നഗരസഭ പുതിയ ബസ് സ്റ്റാൻഡ് രണ്ടാംഘട്ട പ്രവൃത്തി മന്ത്രി ഉദ്ഘാടനം ചെയ്തു

പയ്യന്നൂർ നഗരസഭ പുതിയ ബസ്‌സ്റ്റാൻറ് രണ്ടാംഘട്ട പ്രവൃത്തി രജിസ്‌ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വികസന പ്രവർത്തനങ്ങൾ മാറ്റിവെക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. പയ്യന്നൂരിന്റെ ചിരകാല സ്വപ്‌നമായ ഈ പ്രവൃത്തി യാഥാർഥ്യമാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും മന്ത്രി പറഞ്ഞു. പയ്യന്നൂരിലെ നിർദിഷ്ട പുതിയ ബസ്‌സ്റ്റാൻറ് സ്ഥലത്ത് നടന്ന ചടങ്ങിൽ ടിഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. പയ്യന്നൂർ നഗരത്തിന്റെ വികസനത്തിന് കുതിപ്പേകുന്നതായിരിക്കും പുതിയ ബസ്‌സ്റ്റാൻറ് എന്ന് പറഞ്ഞു. 

പുതിയ ബസ്‌സ്റ്റാൻറ് നിർമ്മാണം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഉടൻ തന്നെ നിർമ്മാണം തുടങ്ങി പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 2025 ഫെബ്രുവരി 17ന് നഗരസഭയും നിർവഹണ ഏജൻസിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിയും തമ്മിൽ കരാർ ഒപ്പിടുകയും പ്രവൃത്തിക്കായി സൈറ്റ് കൈമാറുകയും ചെയ്തിട്ടുണ്ട്. 2015 മുതൽ 2017 വരെയുള്ള കാലയളവിൽ 29,92,935 രൂപ ചെലവഴിച്ച് പദ്ധതി പ്രദേശം മണ്ണിട്ടു നിരപ്പാക്കുകയും 1,71,29,806 രൂപ ചെലവഴിച്ച് ബസ് സ്റ്റാൻഡിനായി കനോപി, പ്ലാറ്റ് ഫോം എന്നിവ പൂർത്തിയാക്കുകയും ചെയ്തിരുന്നു. 
ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് 4.983 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് 2023 നവംബർ പത്തിന് നഗരസഭ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിയെ നിർവ്വഹണ ഏജൻസിയായി നഗരസഭ കൗൺസിൽ തിരഞ്ഞെടുക്കുകയും അതിന് സർക്കാർ അനുമതി നൽകുകയും ചെയ്തിരുന്നു.
 
ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് നടുവിലെ വീട്ടിൽ ശങ്കരൻ, എമ്മൻ രാഘവൻ എന്നിവരിൽനിന്നും മൂന്ന് ഏക്കർ 49 സെൻറ് സ്ഥലവും ചാലിക്കണ്ടി പീടികയിൽ അബ്ദുള്ളയിൽനിന്ന് ഒരേക്കർ സ്ഥലവും പുതിയ വീട്ടിൽ രമണി, ചെരിപ്പാടി വിനോദ് കുമാർ എന്നിവരിൽനിന്ന് ഒരേക്കർ സ്ഥലവും ചേർത്ത് അഞ്ച് ഏക്കർ 49 സെൻറ് സ്ഥലം 1997ലാണ് നഗരസഭയ്ക്ക് സൗജന്യമായി വിട്ടുകിട്ടിയത്. എന്നാൽ, സാങ്കേതികവും സാമ്പത്തികവും നിയമപരുമായ കാരണങ്ങളാൽ ബസ് സ്റ്റാൻഡ് നിർമ്മാണം ഉദ്ദേശിച്ച കാലയളവിൽ നഗരസഭയ്ക്ക് പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. 

പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ പയ്യന്നൂർ നഗരസഭ ചെയർപേഴ്‌സൻ കെവി ലളിത, വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ, മുൻ എംഎൽഎ സി കൃഷ്ണൻ, മുൻ ചെയർപേഴ്‌സൺമാരായ എസ് ജ്യോതി, അഡ്വ. ശശി വട്ടക്കൊവ്വൽ, മുൻ വൈസ് ചെയർമാൻ വി നാരായണൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ സി ജയ, വി ബാലൻ, വി വി സജിത, ടി വിശ്വനാഥൻ, ടി പി സമീറ, കെ കെ ഫൽഗുനൻ, ഇഖ്ബാൽ പോപ്പുലർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി സന്തോഷ്, കെ ജയരാജ്, എം. രാമകൃഷ്ണൻ, കെ ടി സഹദുള്ള, പി ജയൻ, പി വി ദാസൻ, കെ ഹരിഹർ കുമാർ, പനക്കീൽ ബാലകൃഷ്ണൻ, പി യു രമേശൻ, ബി സജിത്ത് ലാൽ എന്നിവർ സംസാരിച്ചു.

date