Skip to main content
സ്‌നേഹിത എക്സ്റ്റൻഷൻ സെന്ററിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ എ സി പി ഓഫീസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്‌നകുമാരി നിർവഹിക്കുന്നു

​ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ കുടുംബശ്രീ 'സ്‌നേഹിത എക്സ്റ്റൻഷൻ സെന്റർ ​പ്രവർത്തനം ആരംഭിച്ചു

കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്ന സ്‌നേഹിത ജൻഡർ ഹെൽപ് ഡസ്‌ക് സേവനം ജില്ലയിലെ ഡി വൈ എസ് പി/എ സി പി ഓഫീസുകളിൽ ഇനി മുതൽ ലഭ്യമാകും. ഇതിനായി കുടുംബശ്രീ സംസ്ഥാന മിഷന്റെയും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതിയാണ് സ്‌നേഹിത എക്സ്റ്റൻഷൻ സെന്റർ. പോലീസ് സ്റ്റേഷനിൽ എത്തിപ്പെടുന്ന അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണ നൽകുന്നതിന് വേണ്ടിയാണ് സ്‌നേഹിത എക്സ്റ്റൻഷൻ സെന്റർ പ്രവർത്തനം ആരംഭിചിരിക്കുന്നത്.
സ്‌നേഹിത എക്സ്റ്റൻഷൻ സെന്ററിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്‌നകുമാരി നിർവഹിച്ചു. കണ്ണൂർ എ സി പി ഓഫീസിൽ നടന്ന പരിപാടിയിൽ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് മുഖ്യാതിഥിയായി. അഡിഷണൽ എസ് പി കെ വി വേണുഗോപാൽ സംബന്ധിച്ചു. കുടുബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എം വി ജയൻ പദ്ധതി വിശദീകരണം നടത്തി.

ഇരിട്ടി ഡി വൈ എസ്പി ഓഫീസിലെ സെന്റർ ഇരിട്ടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. ഇരിട്ടി ഡി വൈ എസ് പി ധനഞ്ജയ ബാബു മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ല മിഷൻ എഡിഎംസി സി കെ വിജിത്ത് പദ്ധതി വിശദീകരണം നടത്തി, പേരാവൂർ ഡി വൈ എസ് പി ഓഫീസ് സെൻറർ ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎയും പയ്യന്നൂർ ഡിവൈഎസ്പി ഓഫീസിലെ സെന്റർ ടി ഐ മധുസൂദനൻ എംഎൽഎയും തലശ്ശേരി എ സി പി ഓഫീസ് സെന്റർ ഉദ്ഘാടനം തലശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ ജമുനാ റാണിയും നിർവഹിച്ചു.
തളിപ്പറമ്പ് ഡിവൈഎഫ് ഡിവൈഎസ്പി ഓഫീസിലെ സെന്റർ എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ മാർച്ച് 17 ന് ഉദ്ഘാടനം ചെയ്യും.

ജില്ലയിൽ എല്ലാ എ സി പി/ ഡി വൈ എസ് പി ഓഫീസുകളിലും ഇതിന്റെ കീഴിൽ വരുന്ന പോലീസ് സ്റ്റേഷനുകളിലുമാണ് സ്‌നേഹിതയുടെ കൗൺസിലർ സേവനം ഇനി മുതൽ ലഭ്യമാകുന്നത്. പരിചയ സമ്പന്നരായ കമ്മ്യൂണിറ്റി കൗൺസിലർമാരുടെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടു ദിവസമാണ് സ്റ്റേഷനുകളിൽ സേവനം ലഭ്യമാക്കുന്നത്. പരാതിക്കാർക്ക് മാനസിക പിന്തുണ ഉറപ്പുവരുത്തുക, കൗൺസിലിംഗ് സേവനം നൽകുക, താൽക്കാലിക ഷെൽട്ടറിങ് ആവശ്യമുള്ളവർക്ക് സ്‌നേഹിത ജൻഡർ ഹെല്പ് ഡസ്‌കിൽ ഷെൽട്ടറിങ് ലഭ്യമാക്കുക, പരാതിക്കാരുടെയും ബാധിതരുടെയും മാനസിക നില അവലോകനം ചെയ്യുക, കൗൺസിലിംഗ് അടക്കമുള്ള സംവിധാനങ്ങളിലൂടെ പരാതി പരിഹാരം മെച്ചപ്പെടുത്താൻ പോലീസിനെ സഹായിക്കുക, പരാതിക്കാരുടെയും ബാധിതരുടെയും മാനസികനില അവലോകനം ചെയ്യുക എന്നിവയാണ് സ്‌നേഹിത സെന്റർ പ്രവർത്തനങ്ങൾ. സ്‌നേഹിതയുടെ സേവനങ്ങൾക്കായി 0497 2721817, 1800 4250 717 എന്ന നമ്പറിൽ ബന്ധപ്പെടുക.
 

date