അതിദാരിദ്ര്യമുക്തമായി കണ്ണപുരം ഗ്രാമപഞ്ചായത്ത്; കൈപിടിച്ചുയർത്തിയത് 66 കുടുംബങ്ങളെ
അതിദാരിദ്ര്യമുക്ത കേരളമെന്ന ലക്ഷ്യത്തിലേക്ക് ചുവടുവച്ച് കണ്ണപുരം ഗ്രാമപഞ്ചായത്തും. രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി. സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ കഴിയാത്തവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്ന മഹത്തായ ഇടപെടലാണ് അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. ഓരോ മനുഷ്യരുടെയും ജീവിത പ്രശ്നങ്ങൾ പരിഹരിക്കാൻ ഇച്ഛാശക്തിയുള്ള സർക്കാരിന് മാത്രം സാധിക്കുന്നതാണ് അതിദാരിദ്ര്യ നിർമ്മാർജ്ജനം. വികസനത്തെക്കുറിച്ച് പറയുക മാത്രമല്ല പ്രവർത്തിക്കുന്ന സർക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു. ചെറുകുന്ന് സൗത്ത് എൽ പി സ്കൂളിൽ നടന്ന പരിപാടിയിൽ എം വിജിൻ എംഎൽഎ അധ്യക്ഷനായി.
66 അതിദരിദ്ര കുടുംബങ്ങളെ ജനകീയ പങ്കാളിത്തത്തോടെ കണ്ടെത്തുകയും ആവശ്യമായ സൂക്ഷ്മ പദ്ധതികൾ തയ്യാറാക്കി അതിജീവന പാക്കേജുകൾ നടപ്പിലാക്കി. ഭവനം, ആരോഗ്യം, ഭക്ഷണം, വരുമാനം, അവകാശരേഖകൾ എന്നീ വിഭാഗങ്ങളിലുള്ള ആവശ്യകത പരിഗണിച്ചാണ് ആനുകൂല്യങ്ങളും സേവനങ്ങളും ലഭ്യമാക്കിയത്. ഭവനരഹിതരായ രണ്ടുപേർക്ക് 2023-24 ൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായം അനുവദിക്കുകയും ഭവന നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. ഇവർക്ക് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 90 ദിവസത്തെ തൊഴിലും ലഭ്യമാക്കി. വീട് നവീകരണത്തിനുള്ള ആനുകൂല്യത്തിന് അർഹരായ മൂന്ന് പേർക്ക് അതിദരിദ്രരുടെ വീട് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചു. ഒരു ഗുണഭോക്താവിന് വീട് നവീകരണ ജനറൽ പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായം നൽകി.
എം ജി എൻ ആർ ഇ ജി എസ് പദ്ധതിയിൽ 57 പേർക്ക് തൊഴിൽ കാർഡ് നൽകി. വോട്ടർ ഐഡി കാർഡ് 11 പേർക്കും , ആധാർ കാർഡ് ഒരാൾക്കും, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട മൂന്നുപേർക്ക് യുഡിഐഡി കാർഡും, ഒരാൾക്ക് റേഷൻ കാർഡും ലഭ്യമാക്കി. ആറ് ഗുണഭോക്താക്കൾക്ക് ഭക്ഷണവും 53 ഗുണഭോക്താക്കൾക്ക് മരുന്നും നൽകിവരുന്നു. 2022-23 മുതൽ ഓരോ സാമ്പത്തിക വർഷവും ഒരു ലക്ഷം രൂപ വീതം വകയിരുത്തി അടിയന്തിര പരിചരണ പദ്ധതിയിലൂടെ ഈ ഗുണഭോക്താക്കൾക്ക് ചികിത്സ ഉറപ്പാക്കുന്നുണ്ട്.
പരിപാടിയിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച രമേഷ് നമ്പ്യാർ, കെ പി നായർ, ബി പി നായർ എന്നിവരെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആദരിച്ചു.
കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രതി സ്വാഗതം പറഞ്ഞു. കണ്ണപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബാബുരാജ് റിപ്പോർട്ട് അവതരിപ്പിച്ചു.
കണ്ണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഗണേശൻ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമ സുരേന്ദ്രൻ, കണ്ണപുരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ വി പ്രഭാകരൻ, വിഇഒ കെ കെ വൈഷ്ണവി, സംഘാടകസമിതി വൈസ് ചെയർമാൻ എൻ ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments