*ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംഗമം* *ലോക ജലദിനത്തോടനുബന്ധിച്ച് 2025 മാർച്ച് 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം നിർവഹിക്കും*
പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് നടന്ന മികച്ചതും മാതൃകാപരവുമായ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ലോക ജലദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംഗമം സംഘടിപ്പിക്കും. ജലസുരക്ഷ,ശുചിത്വവും മാലിന്യസംസ്കരണവും ,നെറ്റ് സീറോ കാർബൺ കേരളം, പച്ചത്തുരുത്തുകൾ, പുഴകളുടെയും നീർച്ചാലുകളുടെയും ജനകീയ വീണ്ടെടുപ്പ്, ജലബജറ്റ്, മാലിന്യമുക്തനവകേരളം ജനകീയ ക്യാമ്പയിൻ തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ സംസ്ഥാനത്ത് നടപ്പാക്കിയ പ്രവർത്തനങ്ങളാണ് പരിസ്ഥിതി സംഗമത്തിലെ പ്രധാന വിഷയങ്ങൾ.
2025 മാർച്ച് 24, 25 തീയതികളിലായി തിരുവനന്തപുരം ടാഗോർ തിയറ്ററിൽ സംഘടിപ്പിക്കുന്ന പരിസ്ഥിതി സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സംഗമത്തിൽ മന്ത്രിമാരും പരിസ്ഥിതി മേഖലയിലെ വിദഗ്ദരും പങ്കെടുക്കും. കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഈ സംഗമത്തിന്റെ ഭാഗമാകും. പരിസ്ഥിതി ജലസംരക്ഷണ മേഖലകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുകരിക്കാവുന്ന മാതൃകകൾ പരിചയപ്പെടുത്തുന്നതിനൊപ്പം ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ക്യാമ്പയിനുകളിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തുന്ന തദ്ദേശസ്ഥാപനങ്ങളുടെ അവതരണങ്ങളും സംഗമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് നവകേരളം കർമ പദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സണുമായ ഡോ. ടി.എൻ. സീമ പറഞ്ഞു.
2025 ലെ ലോക ജലദിനത്തിന്റെ പ്രതിപാദ്യ വിഷയം 'ഹിമാനികളുടെ സംരക്ഷണം' എന്നതാണ്. ഇന്ത്യയിൽ ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ജലബജറ്റ് തയ്യാറാക്കി ജലസുരക്ഷാ പ്രവർത്തനങ്ങളിലേക്ക് പോകുവാനും,'സുരക്ഷിതമാക്കാം പശ്ചിമഘട്ടം' ക്യാമ്പയിന്റെ ഭാഗമായി നീർച്ചാലുകളുടെ മാപിംഗ് ശാസ്ത്രീയമായും, കൃത്യതയോടെയും നടത്തി അവയുടെ വീണ്ടെടുപ്പിനു തുടക്കം കുറിക്കുന്ന പ്രവർത്തനങ്ങളും വിജയകരമായി നടപ്പിലാക്കി വരുന്നു.
നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് 'ഇനി ഞാനൊഴുകട്ടെ' ക്യാമ്പയിന്റെ മൂന്നാംഘട്ടം പുരോഗമിക്കുമ്പോൾ നീർച്ചാലുകളുടെ വീണ്ടെടുപ്പിൽ ഗണ്യമായ നേട്ടം കൈവരിക്കുന്നതിനും ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഹരിത ടൂറിസം കേന്ദ്രങ്ങൾ, ഹരിത ടൗണുകൾ, ഹരിത സ്ഥാപനങ്ങൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത കലാലയങ്ങൾ തുടങ്ങിയവയുടെ പ്രഖ്യാപനങ്ങളും പുരോഗമിക്കുന്നു.
ജനകീയ പങ്കാളിത്തത്തോടെ ഇത്തരത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വ്യക്തികൾ, വിവിധ സ്ഥാപനങ്ങൾ, സംഘടനകൾ തുടങ്ങിയവരുടെ അനുഭവം പങ്കുവയ്ക്കുന്നതിനും വിദഗ്ധരുടെ അഭിപ്രായം തേടുന്നതിനും ശ്രദ്ധേയമായ പ്രവർത്തനം നടത്തിയവരെ ആദരിക്കുന്നതിനുമായുള്ള വേദി കൂടിയായി 'പരിസ്ഥിതി സംഗമം' മാറും.
- Log in to post comments