മീങ്കര ജലസേചന പദ്ധതി രണ്ടാം വിള ജലസേചനം: ഉപദേശക സമിതി യോഗം ചേര്‍ന്നു
മീങ്കര ജലസേചന പദ്ധതി 2024-25 രണ്ടാം വിള ജലസേചനവുമായി ബന്ധപ്പെട്ട് പദ്ധതി ഉപദേശക സമിതി യോഗം കെ.ബാബു എം.എല്‍.എ യുടെ അധ്യക്ഷതയില്‍ കൊല്ലങ്കോട് ബ്ലോക്ക് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു. കര്‍ഷകര്‍ക്ക് കൃഷിയ്ക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കുകയും അതോടൊപ്പം കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. നിലവില്‍ മീങ്കരഡാമിന്റെ ജലനിരപ്പ് 22.5 അടിയാണ്. 20 അടി നിലനിര്‍ത്തി ബാക്കി കൃഷി ആവശ്യങ്ങള്‍ക്കായി തുറക്കാനും, ചുള്ളിയാര്‍ ഡാമില്‍ നിന്ന് സര്‍പ്ലസ് വഴി വടവന്നൂര്‍ ഭാഗത്തേക്ക് വലതുകര കനാലില്‍ വെള്ളം നല്‍കാനുള്ള സാധ്യത പരിശോധിക്കാനും യോഗത്തില്‍ തീരുമാനമെടുത്തു. കുടിവെള്ളത്തിനായി കമ്പാലത്തറ ഏരിയില്‍ നിന്ന് 2.5 അടി വെള്ളം മീങ്കര ഡാമിലേക്ക് ഒഴുക്കാന്ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കും. മുതലമട ഗ്രാമ പഞ്ചായത്തില്‍ വലിയചള്ള, പാപ്പാന്‍ചള്ള, പാറക്കല്ചള്ള ഭാഗങ്ങളിലേക്കും, പുതുനഗരം ഗ്രാമ പഞ്ചായത്തില്‍ വടകരപ്പാല പാടശേഖരസമിതി പരിധിയിലും, വടവന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട കൂത്തംപാക്ക് പാടശേഖരസമിതി, പിലാപ്പുള്ളി പാടശേഖരസമിതി എന്നീ ഭാഗങ്ങളിലെയും നെല്‍കൃഷിക്കാണ് വെള്ളം ആവശ്യമുള്ളത്.വലതുകര കനാലിലേക്ക് ഇന്ന്(മാര്‍ച്ച് 16) വൈകിട്ട് നാല് മണിക്കും ഇടതുകര പ്രധാന കനാലിലേക്ക് തിങ്കളാഴ്ച്ച(മാര്‍ച്ച് 17) രാവിലെ എട്ടുമണിക്കും ജലവിതരണം ആരംഭിക്കുവാനും യോഗത്തില്‍ തീരുമാനമായി.
എ ഡി എം കെ. മണികണ്ഠന്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.പി ശുഭ, വടവന്നൂര്‍, മുതലമട പഞ്ചായത്ത് പ്രസിഡന്റുമാര്‍, കൃഷി ഓഫീസര്‍മാര്‍, വാട്ടര്‍ അതോറിറ്റി അധികൃതര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments