Skip to main content

ഓണത്തിനൊരുമുറം പച്ചക്കറി: വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് വളപ്പില്‍ കൃഷി വകുപ്പും വിവിധ സര്‍വീസ് സംഘടനകളും സംയുക്തമായി നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സെക്രട്ടേറിയറ്റില്‍ അഞ്ഞൂറ് ഗ്രോ ബാഗുകളും സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടില്‍ 1100 ഗ്രോബാഗുകളുമടക്കം 1600 ഗ്രോബാഗുകളിലാണ് കൃഷി ആരംഭിച്ചത്. ജീവനക്കാര്‍ തന്നെ പരിപാലനവും ഏറ്റെടുത്തതിനാല്‍ കൃഷി വന്‍ വിജയമായി. ആദ്യമായാണ് സെക്രട്ടേറിയറ്റില്‍ ജീവനക്കാരുടെ കൂട്ടായ്മയോടെ പച്ചക്കറി കൃഷി നടപ്പിലാക്കുന്നത്. ജൈവരീതിയില്‍ നടത്തിയ കൃഷിയില്‍ വിളവെടുക്കുന്ന പച്ചക്കറി ജീവനക്കാര്‍ക്കുതന്നെ ന്യായവിലയ്ക്കു നല്‍കും. എം.എന്‍. ഗോവിന്ദന്‍ നായര്‍ നടപ്പാക്കിയ ഓണത്തിനൊരു പറ നെല്ല് പദ്ധതിയുടെ ചുവടുപിടിച്ചാണ് ഓണത്തിനൊരുമുറം പച്ചക്കറി എന്ന പദ്ധതിക്ക് തുടക്കമിട്ടതെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, ഒഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കൃഷി ചെയ്യുന്നതിന് കൃഷിവകുപ്പ് 63 ലക്ഷം കുടുംബങ്ങള്‍ക്ക് പച്ചക്കറിവിത്തും 45 ലക്ഷം നടീല്‍ വസ്തുക്കളും വിതരണം ചെയ്തിരുന്നു. മികച്ച രീതിയില്‍ കൃഷിചെയ്യുന്നവര്‍ക്ക് ഒന്നാം സമ്മാനമായി ഒരുലക്ഷം രൂപയും രണ്ടാം സമ്മാനമായി 50,000 രൂപയും മൂന്നാം സമ്മാനമായി 25,000 രൂപയും നല്‍കുമെന്നും കൃഷിമന്ത്രി പറഞ്ഞു. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് ഹോര്‍ട്ടികോര്‍പ് 1350 സ്റ്റാളുകള്‍ വഴിയാണ് വിഷമില്ലാത്ത പച്ചക്കറി ന്യായവിലയ്ക്ക് വില്പന നടത്തിയത്. ഈ വര്‍ഷം 1600 സ്റ്റാളുകള്‍ ആരംഭിക്കും. നമുക്ക് ആവശ്യമുള്ള പച്ചക്കറികളില്‍ പലതും തമിഴ്‌നാട്ടില്‍ നിന്നെത്തുന്നതാണ്. ഈവര്‍ഷം തമിഴ്‌നാട്ടില്‍ കടുത്ത വരള്‍ച്ച കാരണം പച്ചക്കറി വരവില്‍ കുറവുണ്ടാകും. പക്ഷേ കര്‍ഷകരില്‍നിന്നു നേരിട്ട് പച്ചക്കറി സംഭരിച്ച് ഹോര്‍ട്ടികോര്‍പ് സ്റ്റാളുകള്‍ വഴി വിതരണം ചെയ്യും എന്നതിനാല്‍ ഓണക്കാലത്ത് പച്ചക്കറി വില വര്‍ധനയുണ്ടാവില്ല. ഈ വര്‍ഷത്തെ കര്‍ഷകദിനാഘോഷം 16ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു. ജീവനക്കാരും വിവിധ സംഘടനാ നേതാക്കളും വിളവെടുപ്പില്‍ സംബന്ധിച്ചു.

പി.എന്‍.എക്‌സ്.3457/17

date