Skip to main content
.

ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ തയാറാക്കാന്‍ പരിശീലനം

 

 

ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജൈവവൈവിധ്യ പരിപാലന സമിതികള്‍ക്കായി ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ രണ്ടാം ഭാഗം തയ്യാറാക്കല്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ നിര്‍വഹിച്ചു. ജനകീയ ജൈവിധ്യ രജിസ്റ്ററുകള്‍ കാലികമാക്കേണ്ടത് വളരെ പ്രാധാന്യമുള്ള കാര്യമാണെന്നും ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പിബിആറുകള്‍ കാലികമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

 

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും ഇടുക്കി ജില്ലാതല ജൈവവൈവിധ്യ കോ ഓഡിനേഷന്‍ കമ്മിറ്റിയും സംയുക്തമായിട്ടാണ് പരിശീലനപരിപാടി നടത്തിയത്. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എന്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലയിലെ ജൈവവൈവിധ്യവും സാംസ്‌കാരിക വൈവിധ്യവും വളരെ പ്രധാനമാണ്, ഇവിടുത്തെ നാട്ടറിവുകള്‍ രേഖപ്പെടുത്തേണ്ടതും ആണെന്നും ചെയര്‍മാന്‍ അറിയിച്ചു.ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ സുധേഷ് ടി പി സ്വാഗതവും , കെ എസ് ബി ബി മെമ്പര്‍ സെക്രട്ടറി ഡോ. വി ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണവും നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി കെ സജീവ് എന്നിവര്‍ പങ്കെടുത്തു.

 

ചിത്രം : ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കല്‍ പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്‌ഘാടനം ചെയ്യുന്നു.

 

date