കോണ്‍ഫിഡന്‍സ് ബില്‍ഡിംഗ്: ശില്‍പശാല സംഘടിപ്പിച്ചു
കേരളത്തിലെ അഭ്യസ്ഥവിദ്യര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിജ്ഞാനകേരളത്തിന്റെ ഭാഗമായി കോണ്‍ഫിഡന്‍സ് ബില്‍ഡിംഗ് ശില്‍പശാല സംഘടിപ്പിച്ചു. 2025 മാര്‍ച്ച് 22 ന് തൃശ്ശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കായി നടത്തുന്ന വിര്‍ച്വല്‍ ജോബ് ഫെയറിന്റെ മുന്നോടിയായാണ് ശില്‍പശാല സംഘടിപ്പിച്ചത്. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ആര്‍.ജി.എസ്.എ വിര്‍ച്വല്‍ ക്ലാസ് റൂമില്‍ വച്ച് നടന്ന ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു.
ഇന്റര്‍വ്യൂ അറ്റന്റ് ചെയ്യുന്നതില്‍ ഉദ്യോഗാര്‍ത്ഥികള്‍ നേരിടുന്ന ആത്മവിശ്വാസക്കുറവും ഭയവും മറികടക്കുക എന്നതായിരുന്നു ശില്‍പശാലയുടെ ലക്ഷ്യം. അതിനുതകുന്ന വിധം ഉദ്യോഗാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെയുള്ള പരിശീലനം നടന്നു. ഗവ. പോളിടെക്നിക് കോളേജ് ചേലക്കര, കൊരട്ടി, മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തൃശ്ശൂര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. കെഡിസ്‌ക് ടാലന്റ് ക്യൂറേഷന്‍ എക്സിക്യുട്ടീവ് കെ.ബി സുമേഷ് പരിശീലനം നല്‍കി.
വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജ്യോതിഷ്‌കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.എം അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കില ജില്ലാ ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, വിമല കോളേജ് ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ നിഷ ഫ്രാന്‍സിസ് ആലപ്പാട്ട് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കെഡിസ്‌ക് ടാലന്റ് ക്യൂറേഷന്‍ എക്സിക്യുട്ടീവ് വി. ആര്‍. അനിത നന്ദി പ്രകാശിപ്പിച്ചു.
- Log in to post comments