Skip to main content

ലഹരി വിമുക്ത നവകേരളം സർക്കാരിൻ്റെ ലക്ഷ്യം: മന്ത്രി ഡോ ആർ ബിന്ദു;   നശാമുക്ത് ഭാരത് അഭിയാൻ ജില്ലാതല ഉദ്ഘാടനം മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു

ലഹരി വിമുക്ത നവകേരളമാണ്  സർക്കാരിൻ്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ജില്ലാ സാമൂഹ്യ നീതി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേന്ദ്രസർക്കാർ പദ്ധതിയായ  നശാമുക്ത് ഭാരത് അഭിയാൻ  ജില്ലാതല  ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കുന്നതിന്  വിപുലമായ  പദ്ദതികളാണ് സർക്കാരും സമൂഹവും കൈകോർത്ത് പിടിച്ചു കൊണ്ട് നമ്മുടെ നാട്ടിൽ നടപ്പിലാക്കുന്നത്. കേന്ദ്ര ഗവൺമെൻ്റിൻ്റെ നശാമുക്ത് ഭാരത് അഭിയാനും സാമൂഹ്യനീതി വകുപ്പും കൈകോർത്ത് പിടിച്ച്  കൊണ്ട് ഒട്ടനവധി പ്രവർത്തനങ്ങൾക്കാണ് രൂപം നൽകിയിട്ടുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എൻ.എസ്.എസിൻ്റെ ആഭിമുഖ്യത്തിൽ രൂപീകൃതമായിട്ടുള്ള ആസാദ് സേനയാണെന്നും മന്ത്രി പറഞ്ഞു. ലഹരിയുടെ ഉപയോഗത്തിലേക്ക് യുവാക്കൾ പോകുന്നത് വലിയ രീതിയിലുള്ള ആഘാതമാണ്  സമൂഹത്തിൽ സൃഷ്ടിക്കുന്നത്. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവണതയെ വേരോടെ പിഴുതെറിയുക എന്നത്  ഉത്തരവാദിത്വബോധമുള്ള ഏവരും ഏറ്റെടുക്കേണ്ട കടമയാണെന്നും മന്ത്രി പറഞ്ഞു. ലഹരിക്കെതിരെയുള്ള പോരാളികളായി എൻഎസ്എസ്, എൻസിസി വിദ്യാർത്ഥികൾ  കൈകോർക്കണം എന്നും മന്ത്രി കൂട്ടിച്ചേർത്തു. എക്സൈസ് വകുപ്പ് വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. നല്ല രീതിയിലുള്ള  ജാഗ്രത സമൂഹത്തിൽ ഉയർത്തിക്കൊണ്ടു വരിക എന്നതാണ്  ഈ ഘട്ടത്തിൽ സർക്കാർ ഏറ്റെടുക്കുന്ന സുപ്രധാനമായ കടമ എന്നും മന്ത്രി പറഞ്ഞു.  

ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊണ്ടുള്ള ഓട്ടൻതുള്ളൽ  എറണാകുളം അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ വി ജയരാജ് അവതരിപ്പിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനായി  കേന്ദ്രസർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന പദ്ധതിയാണ് നശാമുക്ത് ഭാരത് അഭിയാൻ. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ കളക്ടർ ചെയർമാനായുള്ള  ജില്ലാതല കമ്മിറ്റി രൂപീകരിക്കുകയും കർമ്മപദ്ധതി തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

 തൃശ്ശൂർ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ പി കെ സതീഷ് അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  വി എസ് പ്രിൻസ് മുഖ്യാതിഥിയായി.  ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ ആർ പ്രദീപൻ, നശാമുക്ത് ഭാരത് അഭിയാൻ ജില്ലാ കോഡിനേറ്റർ അനിഷ, അസിസ്റ്റന്‍റ് കമ്മീഷണർ ഓഫ് പോലീസ് എസ് പി സുധീരൻ,  സബ് ഇൻസ്പെക്ടർ പി ജയകൃഷ്ണൻ, എൻ എസ് എസ് ജില്ലാ കോഡിനേറ്റർ രഞ്ജിത്ത് വർഗീസ്, വകുപ്പ് ഉദ്യോഗസ്ഥർ  എന്നിവർ പങ്കെടുത്തു.

date