വികസനത്തിനായി ഒന്നിച്ച് നിൽക്കണം: മന്ത്രി കെ രാജൻ
വികസനം ഒരു ജനതയുടെ ജീവവായു പോലെ പ്രധാനപ്പെട്ടതാണെന്നും അതിനായി നാമെല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. തൃശ്ശൂർ കോർപറേഷൻ ശക്തൻ നഗറിൽ പുതുതായി ആരംഭിക്കുന്ന സൗജന്യ ഡയലിസിസ് കേന്ദ്രത്തിന്‍റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയിരുന്നു മന്ത്രി. ഒരു പക്ഷെ തൃശൂർ കോർപറേഷൻ്റെ ചരിത്ര താളുകളിൽ ഏറ്റവും വലിയ വികസന പ്രവർത്തനമായി രേഖപ്പെടുത്താൻ പോകുന്ന മഹനീയ സംരംഭത്തിനാണ് സൌജന്യ ഡയാലിസിസ് കേന്ദ്രത്തിലൂടെ തുടക്കം കുറിക്കുന്നതെന്ന് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു. ജീവിക്കാൻ ഒരു ജനതയെ പ്രേരിപ്പിക്കുകയും അങ്ങനെ ജീവിക്കുന്നതിനിടയിൽ ഒന്നു വീണു പോയാൽ ഇവിടെ സഹായിക്കാൻ ഒരു സംവിധാനം കൂടെയുണ്ടെന്ന് പറയുകയും ചെയ്യുന്ന കൂട്ടത്തിലാണ് പ്രവർത്തനം ആരംഭിച്ച ഡയാലിസിസ് സെൻ്റർ എന്നും മന്ത്രി പറഞ്ഞു. സൗജന്യ ഡയാലിസിസ് യൂണിറ്റിനുള്ള ബിൽഡിംഗും പശ്ചാത്തല സൗകര്യവും കോർപറേഷൻ ഒരുക്കും. ഡയാലിസിനു വേണ്ട യന്ത്രസാമഗ്രികളും ബന്ധപ്പെട്ട ആതുരസേവനങ്ങളും ആൽഫ പെയ്ൻ & പാലിയേറ്റീവ് കെയർ എന്ന സ്ഥാപനമാണ് നൽകുന്നത്. മേയർ എം. കെ വർഗ്ഗീസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ആൽഫ പാലിയേറ്റീവ് കെയർ ട്രസ്റ്റി രവി കണ്ണമ്പിള്ളിൽ, ആൽഫ പാലിയേറ്റിവ് കെയർ കമ്മ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ എന്നിവർ വിശിഷ്ടാതിഥികളായി.
നികുതി അപ്പീൽകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ റോബ്സൺ, ഡിവിഷൻ കൗൺസിലർ സിന്ധു ആന്‍റോ ചാക്കോള, കോർപറേഷൻ കൗൺസിലർ സജിത ഷിബു, കോർപറേഷൻ സെക്രട്ടറി വി. പി ഷിബു, ക്ലീൻ സിറ്റി മാനേജർ അബ്ദുൽ നാസർ തുടങ്ങിയവർ സംസാരിച്ചു. വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ വർഗ്ഗീസ് കണ്ടംകുളത്തി സ്വാഗതവും അസിസ്റ്റന്‍റ് എഞ്ചിനീയർ മഹേന്ദ്ര അശോകൻ നന്ദിയും പറഞ്ഞു.
- Log in to post comments