ജീവിത ശൈലീരോഗങ്ങൾ തടയാൻ വെൽനസ് സെൻ്ററുകൾ അനിവാര്യം: മന്ത്രി കെ രാജൻ
ജീവിത ശൈലീരോഗങ്ങളുടെ കുത്തൊഴുക്ക് സമൂഹത്തിൽ വർദ്ധിക്കുന്നതായും വ്യായാമമില്ലായ്മയും ഭക്ഷണ ക്രമത്തിലെ പ്രശ്നങ്ങളും ഉൾപ്പെടെ പരിശോധിക്കുമ്പോൾ അത് ത്വരിതപ്പെടാനുള്ള സാധ്യതകൾ കൂടി വർദ്ധിക്കുകയാണെന്നും റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. തൃശൂർ കോർപറേഷൻ കാളത്തോട് ഇരുപതാം ഡിവിഷനിൽ പുതുതായി ആരംഭിക്കുന്ന അർബൻ ഹെൽത്ത് വെൽനെസ് സെന്‍ററിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നല്ല റോഡിലൂടെ പോകാനും നല്ല വെളിച്ചം ആസ്വദിക്കാനും മറ്റാനുകൂല്യങ്ങൾ ഏറ്റുവാങ്ങാനും വ്യക്തി ബാക്കിയുണ്ടാകണം എന്നതാണ് പ്രധാനം. പ്രാദേശികമായി ജനങ്ങൾക്കിടയിൽ അവരുടെ ജീവിതശൈലീ രോഗങ്ങൾ ഉൾപ്പെടെ നോക്കാനും പരിശോധിക്കാനും മരുന്നുകൾ നൽകാനും ആവശ്യമെങ്കിൽ കിടത്തി അത്യാവശ്യം ചികിത്സകൾ ഒക്കെ ചെയ്യാനുമുള്ള സൗകര്യം വെൽനെസ് സെന്‍ററിലുണ്ടെന്നും മന്ത്രി കൂട്ടി ചേർത്തു. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും മന്ത്രി പറഞ്ഞു.
മേയർ എം. കെ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. കോർപറേഷൻ ഡെപ്യൂട്ടി മേയറും ഡിവിഷൻ കൗൺസിലറുമായ എം. എൽ റോസി സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ വർഗ്ഗീസ് കണ്ടംകുളത്തി, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള മുരളീധരൻ, നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുകേഷ് കൂളപ്പറമ്പിൽ, നികുതി അപ്പീൽ കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ റോബ്സൺ, കോർപറേഷൻ കൗൺസിലർമാരായ കരോളിൻ ജെറിഷ് പെരിഞ്ചേരി, സജിത ഷിബു, ബീന മുരളി, മേഴ്സി അജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസർ ടി. പി ശ്രീദേവി, ജില്ലാ പ്രോഗ്രാം മാനേജർ പി സജീവ്കുമാർ, വെൽനസ് സെന്റർ മെഡിക്കൽ ഓഫീസർ എസ്. ജുനൈദ് ഷാ തുടങ്ങിയവർ സംസാരിച്ചു.
കോർപറേഷൻ സെക്രട്ടറി വി. പി ഷിബു, ക്ലീൻ സിറ്റി മാനേജർ അബ്ദുൽ നാസർ, രാഷ്ട്രീയ പാർട്ടി പ്രതിനിധി ടി. എം റോയ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ വി. കെ കണ്ണൻ നന്ദി പറഞ്ഞു.
- Log in to post comments