നെടുമങ്ങാട് ഡി. വൈ. എസ്. പി ഓഫീസിൽ സ്നേഹിത- പോലീസ് എക്സ്റ്റന്‍ഷന്‍ സെന്‍റർ തുറന്നു
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നെടുമങ്ങാട് ഡി.വൈ.എസ്.പി ഓഫീസിൽ ആരംഭിച്ച സ്നേഹിത- പോലീസ് എക്സ്റ്റന്‍ഷന്‍ സെന്‍റർ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി. എസ് ശ്രീജ ഉദ്ഘാടനം ചെയ്തു.
പോലീസ് സ്റ്റേഷനുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണ നൽകുന്നതിന് സംസ്ഥാനത്തെ എല്ലാ ഡി.വൈ.എസ്.പി/എ.സി.പി ഓഫീസുകളിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്നേഹിത എക്സ്റ്റൻഷൻ സെന്ററുകൾ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായാണ് നെടുമങ്ങാട് ഡി. വൈ. എസ്. പി ഓഫീസിലും സെന്റർ ആരംഭിച്ചത്.
അടിയന്തിര മാനസിക പിന്തുണയും ക്ഷേമവും ആവശ്യമുള്ളവർക്ക് കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർമാരെ ചുമതലപ്പെടുത്തി മാനസിക പിന്തുണ ഉറപ്പാക്കും. കുടുംബശ്രീ സംവിധാനമോ സർക്കാർ സംവിധാനങ്ങളോ ഉപയോഗിച്ച് ആവശ്യമായ കേസുകളിൽ പുനരധിവാസം നൽകും. എല്ലാ പ്രവർത്തനങ്ങൾക്കും ആവശ്യമായ പോലീസ് സഹായവും ഉറപ്പുവരുത്തും.
നെടുമങ്ങാട് ഡി.വൈ. എസ്.പി ഓഫീസിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി. സതീശൻ, കൗൺസിലർമാർ, എ.എസ്. പി നസറുദീൻ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ, കുടുംബശ്രീ മിഷൻ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ബി. ശ്രീജിത്ത്, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments