Skip to main content

മലയോര ഹൈവേ പട്ടിക്കാട് വിലങ്ങന്നൂർ റീച്ച് നാടിന് സമർപ്പിച്ചു;    നാടിൻ്റെ ചിത്രം മാറ്റുന്ന പദ്ധതികളാണ് സർക്കാരിൻ്റെ മുന്നിലെന്ന് മന്ത്രി പി എ മുഹമ്മദ്  റിയാസ്

സംസ്ഥാന സർക്കാർ കിഫ്ബി ധനസഹായത്തോടെ നിർമ്മിച്ച ജില്ലയിലെ ആദ്യ മലയോര ഹൈവേ പട്ടിക്കാട് വിലങ്ങന്നൂർ റീച്ചിൻ്റെ ഉദ്ഘാടനം സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
 
പശ്ചാത്തല സൗകര്യങ്ങളുടെ മുൻഗണനാപട്ടികയിൽ ഉള്ളതാണ് മലയോര ഹൈവേ എന്നും ഭാവി പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുന്ന പിന്തുണയാണ് ജനങ്ങൾ പദ്ധതിക്ക് നൽകിയതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. മലയോര ഹൈവേയുടെ
793 കിലോമീറ്റർ വരുന്ന  250 കിലോമീറ്റർ
റോഡ് 2025 ഓടെ പൂർത്തിയാകും.

ജനസാന്ദ്രത ഇന്ത്യയേക്കാൾ മൂന്നിരട്ടി കൂടുതലാണ് കേരളത്തിൽ.  ജനസാന്ദ്രത കണക്കിലെടുത്ത് മലയോര ഹൈവേ, തീരദേശ ഹൈവേ, ആറ് വരി ദേശീയ പാത എന്നിവയാണ് സർക്കാർ
നിർമ്മിക്കാൻ പദ്ധതിയിട്ടത്. അതിനായി 5580 കോടി രൂപ കിഫ്ബി വഴി  കണ്ടെത്തി.
ആറുവരിപ്പാത 2025 ഓടെ പൂർത്തീകരിക്കും.
നാടിൻ്റെ ചിത്രം തന്നെ മാറ്റുന്ന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത് എന്നും രാഷ്ട്രീയ കക്ഷി ഭേദത്തിന് അതീതമായ പിന്തുണ വേണമെന്നും മന്ത്രി പറഞ്ഞു.

പട്ടിക്കാട് മുതൽ വിലങ്ങന്നൂർ ജങ്ഷൻ വരെ
5.414 കിലോമീറ്റർ വരുന്ന റോഡിൻ്റെ നിർമ്മാണം 19.3 കോടി രൂപ കിഫ്ബി ധനസഹായത്തോടെയാണ് സർക്കാർ
പൂർത്തിയാക്കിയത്. സംസ്ഥാന ഹൈവേ 59 നമ്പറിൽ തൃശൂർ ജില്ലയിലെ മലയോര ഹൈവേയുടെ ആദ്യ റീച്ച്
ആണ് പട്ടിക്കാട് മുതൽ വിലങ്ങന്നൂർ വരെ പൂർത്തിയാക്കിയത്. ഡ്രെയിനേജ്, യൂട്ടിലിറ്റി, ബസ് സ്റ്റേഷൻ, കയർ ഭൂവസ്ത്രം, കയർ വേലികൾ എന്നിവയും റോഡിൻ്റെ ഭാഗമായി നിർമ്മിക്കുകയുണ്ടായി.

റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ചടങ്ങിൽ അധ്യക്ഷനായി. ടൂറിസം,വിദ്യാഭ്യാസ മേഖലകളിൽ അടക്കം
പീച്ചിയുടെ സമഗ്രമായ വികസനമാണ് സർക്കാർ നടത്തുന്നത് എന്നും മലയോര ഹൈവേ മറ്റു മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് തുടർ പ്രവർത്തനമായി നടത്തുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.

കെ ആർ എഫ് ബി നോർത്ത് സർക്കിൾ ടീം ലീഡർ ദീപു എസ് സങ്കേതിക വിവരണം നടത്തി. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ് വിശിഷ്ടാതിഥിയായി. ഉദ്ഘാടനത്തിൻ്റെ ഭാഗമായി പുതിയ റോഡിലൂടെ തുറന്ന ജീപ്പിൽ മന്ത്രിമാരുടെ റോഡ്‌ഷോയും നടന്നു.

ഒല്ലുക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്
കെ ആർ രവി, പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാവിത്രി സദാനന്ദൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി സജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫ്രാൻസിന
രാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ കെ രമേഷ്,  ഐശ്വര്യ ലിൻ്റോ,  പഞ്ചായത്ത് മെമ്പർമാരായ സുബൈദ അബൂബക്കർ, കെ വി അനിത, ഇ ടി ജലജൻ, ബാബു തോമസ് , ശൈലജ വിജയകുമാർ, ഷൈജു കുര്യൻ, സുശീല രാജൻ, രേഷ്മ സജീവ്, റെജീന ബാബു, ബീന പൗലോസ്, അജിത മോഹൻദാസ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ
എം എസ് പ്രദീപ്കുമാർ, പി ഡി റെജി, കെ എൻ വിജയകുമാർ, ജോസ് മുതുകാട്ടിൽ, എ വി കുര്യൻ, ജോസ്കുട്ടി സി വി, ശിവരാജ് പി ആർ,
ഗോപിനാഥ് തട്ടാറ്റ്, അസീസ് താണിപ്പാടം, മാഹിൻ കാളത്തോട്,  കെ കെ ജോണി എന്നിവർ ആശംസകൾ നേർന്നു. പാണഞ്ചേരി
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി പി രവീന്ദ്രൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കെ ആർ എഫ് ബി എക്സിക്യൂട്ടിവ് എഞ്ചിനീയർ ഷിബു കൃഷ്ണരാജ് നന്ദി പറഞ്ഞു.

date