Skip to main content

ആറാട്ടുപുഴ പൂരം മുന്നൊരുക്കം; റവന്യു മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

ആറാട്ടുപുഴ പൂരത്തിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഏപ്രില്‍ 9 ന് ആഘോഷിക്കുന്ന പൂരം അതിന്റെ എല്ലാ വിധത്തിലുമുള്ള സുഗമമായ സംവിധാനങ്ങളോടും കൂടി നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് മന്ത്രി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൂരത്തിന് കൂടുതല്‍ ആളുകള്‍ എത്തുന്നതിനാല്‍ ആവശ്യമായ സുരക്ഷാ, ഗതാഗത ക്രമീകരണങ്ങളും മറ്റ് സംവിധാനങ്ങളും ഒരുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

ചൂടുകാലമായതിനാല്‍ അഗ്നിരക്ഷാ സേനയുടെയും സിവില്‍ ഡിഫന്‍സിന്റെയും സേവനം ഉറപ്പാക്കണം. ആരോഗ്യവകുപ്പ് ആംബുലന്‍സിന്റെയും സ്ട്രക്ചര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സേവനങ്ങള്‍ ഉറപ്പാക്കണം. ക്ഷേത്രത്തിനടുത്തുള്ള ആശുപത്രികളില്‍ ആവശ്യമായ മുന്നൊരുക്കം നടത്തണം. ഇതിനായി ഡി.എം.ഒയുടെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രികളെയും ഉള്‍പ്പെടുത്തി പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. പൂരത്തിനെത്തുന്നവര്‍ക്ക് കുടിവെള്ളം ഉറപ്പാക്കണം. പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കണം. സുരക്ഷയ്ക്കായി സിസിടിവി ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഒരുക്കണം. ഘടക പൂരങ്ങള്‍ വരുന്ന വഴികളിലെല്ലാം സ്ട്രീറ്റ് ലൈറ്റുകളും വൈദ്യുതി ക്രമീകരണങ്ങളും ഒരുക്കുന്നതിനായി കെഎസ്ഇബിയെ ചുമതലപ്പെടുത്തി.

ആറാട്ട് നടക്കുന്ന ഭാഗം ഉള്‍പ്പെടെ മന്ദാരം കടവ് ഭാഗത്തെ പുഴയിലെ ചെളി നീക്കം ചെയ്ത് ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും ബന്ധപ്പെട്ട ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. പൂരത്തില്‍ പങ്കെടുക്കുന്ന ആനകളുടെ ഫിറ്റ്നെസ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. പങ്കെടുക്കുന്ന ആനകളുടെയും പാപ്പാന്‍മാരുടെയും വിവരങ്ങള്‍ നേരത്തേ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം. ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി ശുചിത്വമിഷനും തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നുകൊണ്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണം. പോലീസ് കണ്‍ട്രോള്‍ റൂമിനോടൊപ്പം ആവശ്യമായ വകുപ്പുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ദുരന്തനിവാരണത്തിന്റെ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

കളക്ട്രേറ്റ് എക്‌സിക്യുട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ.കെ രാമചന്ദ്രന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ പോലീസ് മേധാവി (റൂറല്‍) ബി. കൃഷ്ണകുമാര്‍, എഡിഎം ടി. മുരളി, സബ് കളക്ടര്‍ അഖില്‍ വി. മോനോന്‍, റവന്യു, ഫയര്‍ഫോഴ്സ്, ആരോഗ്യം, ഇറിഗേഷന്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍, ദേവസ്വം പ്രതിനിധികള്‍, ക്ഷേത്രഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date