Skip to main content

ലഹരിക്കെതിരെ കൂട്ടായ പ്രതിരോധം ഉയർത്തണം : മന്ത്രി

* എൻ എസ് എസിന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാംപയിന് തുടക്കം

 കൗമാരക്കാരിലും യുവജനങ്ങളിലുമുൾപ്പെടെയുള്ള സർഗാത്മക, കർമ ശേഷികളെ നശിപ്പിച്ച് സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ കൂട്ടായ പ്രതിരോധം ഉയർത്തണമെന്ന് ഉന്നത വിഭ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു. മാരക വിപത്തിനെതിരെ പൊതുസമൂഹത്തിലും ക്യാംപസുകളിലും ഹോസ്റ്റലുകളിലും നിരന്തര ഇടപെടലുകൾ നടത്തുമെന്നും  സംസ്ഥാനത്തെ ലഹരിവിമുക്തമാക്കുക നമ്മുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. ലഹരിക്കെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ്, നാഷണൽ സർവീസ് സ്‌കീമുമായി ചേർന്ന് സംഘടിപ്പിക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ലഹരിക്കെതിരെ ശക്തമായ നിലപാടുകളാണ് സംസ്ഥാനം സ്വീകരിച്ചുവരുന്നത്. എന്നാൽ ആഗോളതലത്തിൽ ലഹരിവല പിടിമുറുക്കിയതിനാലാണ് അതിന്റെ അനുരണനങ്ങൾ ഇവിടെയുമുണ്ടാകുന്നത്. ഈ വിപത്ത് മുന്നിൽക്കണ്ട്  കഴിഞ്ഞവർഷം നാഷണൽ സർവീസ് സ്‌കീമിന്റെ ഭാഗമായി ആരംഭിച്ച ആസാദ് സേനയ്ക്ക് മികച്ച പരിശീലന പദ്ധതി തയ്യാറാക്കി വോളന്റിയേഴ്സിന് പരിശീലനം നൽകാനായി. ഈ വർഷം സാമൂഹിക നീതി വകുപ്പിന്റെ സാമ്പത്തിക പിന്തുണ ലഭ്യമാക്കി  സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കും. സഹപാഠികളിലൂടെ പ്രശ്നങ്ങൾ മനസ്സിലാക്കി ലഹരി വിപത്തുകൾക്ക് തടയിടും. ലഹരിയുടെ ഉറവിടങ്ങൾ മനസ്സിലാക്കി എക്സൈസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കാൻ സേനയെ സജ്ജമാക്കും.

ലൈഫ് ഈസ് ബ്യൂട്ടിഫുൾ  ക്യാംപയിനിന്റെ ഭാഗമായി 1000 കേന്ദ്രങ്ങളിൽ ജനജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കും. ആദ്യ ഘട്ടമായി ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന സംവാദ സദസ്സുകൾ നടത്തും. സംസ്ഥാനത്തെ എല്ലാ ക്യാംപസുകളിലും  മനുഷ്യച്ചങ്ങല ഒരുക്കും. ചിത്രം വരയ്ക്കുന്ന പ്രാദേശിക കലാകാരൻമാരേയും വിദ്യാർത്ഥികളേയും കോർത്തിണക്കി വാക്കും വരയും എന്ന ചിത്ര രചനാ സെഷനുകൾ സംഘടിപ്പിക്കും. ലഹരിയാകുന്ന ഇരുട്ടിൽ നിന്നും സാമൂഹിക നന്മയിലേക്കുള്ള തിരിവെട്ടം പകരാനുള്ള ദൗത്യങ്ങളുടെ പ്രതീകാത്മകമായി മൺചെരാതുകൾ തെളിക്കും. ക്യാംപസുകളിൽ ലഹരി വരുദ്ധ റാലികളും മാരത്തോണുകളും നടത്തുന്നതിനു പുറമേ ലഹരി വിരുദ്ധ പ്രതിജ്ഞ എടുപ്പിക്കും. ലഹരി വിരുദ്ധ മുദ്രാവാക്യ രചനാ, റീൽസ്  മത്സരങ്ങൾ നടത്തും. ലഹരി വിരുദ്ധ സന്ദേശം പകരുന്നതിൽ മാതൃകാ പ്രവർത്തനം നടത്തുന്ന സന്നദ്ധപ്രവർത്തകരെ ആദരിക്കും. ലഹരി മുക്തി നേടിയവരുടെ സ്നേഹക്കൂട്ടായ്മകളും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. 

ആസാദ് സേനക്കായി ഒരുക്കിയ ലഹരി വിമുക്ത ഗാനം മന്ത്രി പ്രകാശനം ചെയ്തു. ഹാപ്പിനെസ് അംബാസഡർ, ലഹരി വിമുക്ത കേരളം സെൽഫി ക്യാംപയിനുകൾക്കും മന്ത്രി തുടക്കമിട്ടു.  സംസ്ഥാനത്തെ എൻഎസ് എസ്  വോളന്റിയർമാർക്ക് മന്ത്രി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 14 ജില്ലകളേയും കോർത്തിണക്കിയ ലഹരി വിരുദ്ധ ദീപശിഖാ പ്രയാണത്തിനും മനുഷ്യച്ചങ്ങലക്കും മന്ത്രി തുടക്കമിട്ടു. .

നാഷണൽ സർവീസ് സ്‌കീം കേരള റീജിയണൽ ഡയറക്ടർ എം യുപ്പിൻ , സംസ്ഥാന ഓഫീസർ ഡോ അൻസൻ ആർ എൻ എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർമാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിപ്പിച്ചു. സംസ്ഥാനത്തെ ക്യാംപസുകളിലെ എൻഎസ്എസ് വിദ്യാർത്ഥികളുടെ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.

പി.എൻ.എക്സ് 1178/2025

date