Skip to main content

കര്‍ഷകന് കൈത്താങ്ങായി സര്‍ക്കാര്‍;

സംസ്ഥാനത്ത് ഗ്രാമീണ കാര്‍ഷികച്ചന്തകള്‍ക്ക് തുടക്കമായി
കാര്‍ഷികകേരളത്തിന് ഉണര്‍വ് പകര്‍ന്ന് ഗ്രാമീണ കാര്‍ഷിക ചന്തകള്‍ക്ക് സംസ്ഥാനത്ത് തുടക്കമായി. തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി ഡോ. കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ കാര്‍ഷിക ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ജില്ലയിലെ എടപ്പാളില്‍ നിര്‍വഹിച്ചു. 400 ഗ്രാമച്ചന്തകളാണ് ഇന്നലെ (നവം.25) സംസ്ഥാനത്ത് ആരംഭിച്ചത്.
കാര്‍ഷിക വിഭവങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്ന് കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. നഷ്ടപ്പെട്ട ഗ്രാമച്ചന്തകളെ  പുനരുജ്ജീവിപ്പിക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഗ്രാമച്ചന്തകള്‍ക്കു പുറമെ  പല തലങ്ങളിലും വിപണി കണ്ടെത്താന്‍ കര്‍ഷകരെ സഹായിക്കും. വിളവ് ലഭിക്കാത്തതുകൊണ്ടല്ല ഉല്പന്നങ്ങള്‍ക്ക് വിപണിയില്‍ വില കിട്ടാത്തതുകൊണ്ടാണ് ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായത്. സംസ്ഥാനത്ത് ഈ വര്‍ഷം 1000 ഗ്രാമച്ചന്തകള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു.
കുടുംബശ്രീയുടെ സഹായത്തോടെ വനിതകളെ കാര്‍ഷിക രംഗത്തേക്ക് കൊണ്ടുവരാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. മൂല്യ വര്‍ധിത ഉല്പന്നങ്ങള്‍ നിര്‍മിക്കാനും വിപണി കണ്ടെത്താനും അവരെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. നെല്ല് കുത്തി അരിയാക്കുന്നതിന് ഗ്രാമങ്ങളില്‍ മിനി മില്ലുകള്‍ സ്ഥാപിക്കുമെന്നും  പൊളിക്കാത്ത തേങ്ങ സംഭരിക്കുമെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷികമേഖലയിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നുവരുന്നത് ആശാവഹമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കാര്‍ഷിക മേഖലയില്‍ വലിയ ഇടപെടല്‍ നടത്തി. കൃഷിവകുപ്പും തദ്ദേശസ്വയംഭരണവകുപ്പും ചേര്‍ന്ന് വിപ്ലവകരമായ മുന്നേറ്റം കാര്‍ഷികരംഗത്ത് നടത്തുകയാണ്.  അതിന്റെ ഭാഗമാണ് ഗ്രാമച്ചന്തകളുടെ പുനരുജ്ജീവനമെന്നും കെ.ടി ജലീല്‍ പറഞ്ഞു.
ഗ്രാമച്ചന്തയിലെ ആദ്യ വില്പന മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു. ചന്ദ്രിക പെരുമ്പിലാവില്‍കുളം ഉല്പന്നങ്ങള്‍ ഏറ്റുവാങ്ങി. ജൈവകാര്‍ഷിക ഗ്രാമപഞ്ചായത്തിനുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു. ജനപ്രതിനിധിളും  കൃഷിവകുപ്പ് ഉദ്യോഗസ്ഥരും  പങ്കെടുത്തു.
പച്ചക്കറി കൃഷി, കാര്‍ഷിക വിപണനവും കുടുംബശ്രീ സംവിധാനവും തുടങ്ങിയ വിഷയങ്ങളില്‍ സെമിനാര്‍ നടത്തി. ഗ്രാമീണരുടെ ഉല്പന്നങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യ സംരംഭകരുടെയും സ്റ്റാളുകള്‍ ചന്തയോടനുബന്ധിച്ച് ഒരുക്കിയിരുന്നു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കുടുംബശ്രീ മിഷനും ചേര്‍ന്നാണ് കര്‍ഷിക ചന്തകള്‍ ഒരുക്കുന്നത്.

 

date