Skip to main content
..

തീരദേശത്തെ മാലിന്യ പ്രശ്നം: പരിഹാരത്തിന് കര്‍മപദ്ധതിയായി

കൊല്ലം കോര്‍പറേഷനിലെ തീരദേശങ്ങളില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാന്‍ കര്‍മപദ്ധതിയായി. ജില്ലാ കളക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടികള്‍ക്ക് അന്തിമരൂപം നല്‍കിയത്. സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ സര്‍വേ നടത്തിയാകും മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുക. ഇതിന് മുന്നോടിയായി പൊതുജനങ്ങളുടെ സഹകരണത്തോടെ മാസ് കാമ്പയിന്‍ ആരംഭിക്കും. ഡിവിഷന്‍ തലങ്ങളില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ബോധവത്കരണം നടത്തും. വീടുകളില്‍നിന്ന് മാലിന്യം ശേഖരിക്കാന്‍ ഹരിത കര്‍മസേനയുടെ സേവനം ഉപയോഗപ്പെടുത്തും. വിവിധ ഭാഗങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.  മേയര്‍ ഹണി ബെഞ്ചമിന്‍, ഡെപ്യൂട്ടി മേയര്‍ എസ്. ജയന്‍, എ.ഡി.എം ജി. നിര്‍മല്‍കുമാര്‍, കോര്‍പറേഷനിലെ ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, വിവിധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date