ജില്ലാ പഞ്ചായത്ത് ബജറ്റ്: ജല സംരക്ഷണം, മാലിന്യ മുക്ത നവകേരളം, കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍
ജലസംരക്ഷണം, മാലിന്യ മുക്ത നവകേരളം, കാര്‍ഷിക മേഖല എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് 2025- 26 ബജറ്റ് അവതരിപ്പിച്ചു. 280,31,04,486 രൂപ വരവും 257,53,63,600 രൂപ ചെലവും 22,77,40,886 നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ജില്ലാ പഞ്ചാത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ സി.കെ ചാമുണ്ണിയാണ് അവതരിപ്പിച്ചത്.
ജനങ്ങളുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് സമസ്തമേഖലകളിലുമുള്ള വികസനം ലക്ഷ്യമാക്കിയാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ മയക്കുമരുന്നിനെതിരെ ശക്തമായ ബോധവത്കരണ കാംപയിന്‍ സാംസ്‌കാരിക ഇടപെടലിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുമെന്നും അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. പാലക്കുഴി ജല വൈദ്യുത പദ്ധതി ഉടനെ കമ്മീഷന്‍ ചെയ്യുമെന്നും ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡ് ഷെയര്‍ ഹോള്‍ഡര്‍മാരായ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഡിവിഡന്റ് നല്‍കാനായെന്നും പ്രസിഡന്റ് പറഞ്ഞു.
ഉല്‍പ്പാദന മേഖലയില്‍ കൃഷിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി നെല്‍കര്‍ഷകര്‍ക്ക് കൃഷിയുടെ പ്രാരംഭ ചെലവുകള്‍ക്കായി 10 കോടി രൂപ വകയിരുത്തി. പട്ടികജാതി മേഖല കര്‍ഷകര്‍ക്ക് പ്രത്യേക പദ്ധതിയും ഈ വര്‍ഷം മുതല്‍ നടപ്പിലാക്കും. മുതലമട കുന്നനൂര്‍ സീഡ് ഫാം നവീകരിക്കുന്നതിന് മൂന്ന് കോടി രൂപ അനുവദിക്കും. നവീകരിക്കപ്പെട്ട ഫാമുകള്‍ ഉത്പാദന കേന്ദ്രങ്ങളായും കര്‍ഷക ആശ്രയ കേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്നതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് മണ്ണിനെയും കൃഷിയേയുംകുറിച്ച് കൂടുതല്‍ അറിയുന്നതിനുമായി പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര മേഖലകളാക്കി മാറ്റും. പാലക്കാടിന്റെ ഗ്രാമഭംഗി, കൃഷി, പ്രാദേശിക രുചി, നാടന്‍ കലകള്‍ എന്നിവ സംയോജിപ്പിച്ച് ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കുന്നതിനായി ഒരു കോടി രൂപ വകയിരുത്തും. ആലത്തൂര്‍ ഫാമില്‍ ആരംഭിച്ച ഞാറ്റടി പദ്ധതി ആയിരം ഹെക്ടറിലേക്ക് വ്യാപിപ്പിക്കും. ഇതിനായി 25 ലക്ഷം രൂപ വകയിരുത്തി. ശുദ്ധജലത്തിന്റെ ഉപയോഗവും പരിപാലനവും ഉറപ്പുവരുത്തുന്നതിനായി ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളെ ഉള്‍ക്കൊള്ളിച്ച് ജല വിതരണ ശൃഖലയെ ശാക്തീകരിക്കുന്നതിലേക്കായി ജില്ലാ പഞ്ചായത്ത് മൂന്നു കോടി രൂപ നല്‍കും.
വന്യജീവികളില്‍ നിന്നും കൃഷിയേയും കര്‍ഷകരേയും സംരക്ഷിക്കുന്നതിനായി സോളാര്‍ ഫെന്‍സിങ്, മറ്റ് നൂതന പദ്ധതികള്‍ക്കുമായി ഒരു കോടി അനുവദിക്കും. ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി, റിവോള്‍വിങ് ഫണ്ട് എന്നിവ ഏര്‍പ്പെടുത്തും. മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റിസര്‍വോയറുകളില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കും. മത്സ്യ വിപണന കേന്ദ്രങ്ങളും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനുമായി രണ്ട് കോടി രൂപയും ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി അഞ്ച് കോടി രൂപ വകയിരുത്തി. വനിതാ ഘടക പദ്ധതികള്‍ക്കായി ഒമ്പത് കോടി രൂപ മാറ്റി വെക്കും. ജോബ് സകൂള്‍ പദ്ധതി, സ്‌കൂള്‍ ലൈബ്രറേറിയന്‍മാരുടെ നിയമനം, സര്‍ക്കാര്‍ ഓഫീസുകളിലെ അപ്രന്റീസ്ഷിപ്പ്, അപരാജിത, പ്രവാസിക്കൊപ്പം എന്നീ പദ്ധതികള്‍ തുടരുന്നതിനോടൊപ്പം പുതിയ തൊഴില്‍ദാന പദ്ധതികള്‍ ആവിഷ്‌കരിക്കും. കായിക അധ്യാപകരില്ലാത്ത വിദ്യാലയങ്ങളില്‍ കായിക അധ്യാപകരെ നിയമിക്കും. ഭിന്നശേഷി വിഭാഗക്കാര്‍ക്കായി പതിമൂന്ന് ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളിലും തെറാപ്പി സെന്ററുകള്‍ ആരംഭിക്കുന്നതിനായി 50 ലക്ഷം രൂപ അനുവദിക്കും.
സേവന മേഖലയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ സ്‌കൂള്‍ ലാബുകള്‍, സ്‌കൂള്‍ ജിംനേഷ്യം, കളിസ്ഥലം എന്നിവ സജ്ജമാക്കുന്നതിനായി അഞ്ച് കോടി രൂപ വകയിരുത്തും. കലാ കായിക മുന്നേറ്റം പദ്ധതികള്‍ക്കൊപ്പം പുതിയ പദ്ധതികള്‍ നടപ്പിലാക്കും. കായിക പരിശീലകരുടെ നിയമനവും കായിക ഉപകരണങ്ങളുടെ വിതരണവും അത്ലറ്റിക് പരിശീലനവും ഉള്‍പ്പെടുന്ന ഇത്തരം പദ്ധതികള്‍ക്കായി 10 കോടി രൂപ വകയിരുത്തും. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലയില്‍ നടത്തുന്ന കാംപയിനായി 10 ലക്ഷം രൂപ വകയിരുത്തും. വയോജനങ്ങള്‍ക്കായി പഠന മുറി മാതൃകയില്‍ വീടിനോട് ചേര്‍ന്ന് ഒരു മുറി സജ്ജമാക്കും. വയോജന ക്ഷേമത്തിനായി 3.75 കോടി രൂപയും ട്രാന്‍സ് ജെന്‍ഡറുകളുടെ ക്ഷേമത്തിനായി 10 ലക്ഷം രൂപയും വകയിരുത്തും. ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ രണ്ടാം നിലയുടെ നിര്‍മ്മാണവും, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനുമുള്ള പദ്ധതികള്‍ നടപ്പിലാക്കും. ജില്ലാ വെറ്റിനറി ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മരുന്നിനുമായി 50 ലക്ഷം രൂപ വകയിരുത്തും.
പശ്ചാത്തല മേഖലയില്‍ സ്‌കൂള്‍ മെയിന്റനന്‍സ്, ഫര്‍ണിച്ചറുകള്‍, വൈദ്യുതി ചാര്‍ജ്, കംപ്യൂട്ടര്‍, വിവിധ ലാബുകള്‍ എന്നിങ്ങനെയുള്ള പ്രവര്‍ത്തികള്‍ക്കായി 10 കോടി രൂപയും ആശുപത്രികളിലെ വിവിധ ആവശ്യങ്ങള്‍ക്കായി എട്ട് കോടി രൂപ വകയിരുത്തും. കോങ്ങാട് സീഡ് ഫാമിന്റെ മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ വകയിരുത്തും. പി.എം.ജി.എസ്. വൈ റോഡുകളുടെ നവീകരണത്തിനും പരിപാലനത്തിനുമായി മൂന്ന്് കോടി രൂപയാണ് അനുവദിക്കുക.
വനിതാ ജിമ്മുകളില്‍ സ്ത്രീ ട്രെയിനര്‍മാരെ ലഭ്യമാക്കും. സ്ത്രീകളിലെ അര്‍ബുദം മുന്‍കൂട്ടി അറിയുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനുമായി അഞ്ച് കോടി രൂപ അനുവദിക്കും.മൊബൈല്‍ മാമോഗ്രാം പോലുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കും. സ്ത്രീകള്‍ക്ക് സാമ്പത്തിക സാക്ഷരത, ഡിജിറ്റല്‍ സാക്ഷരത ക്ലാസുകള്‍ എന്നിവയ്ക്കായി 1.50 കോടി രൂപ വകയിരുത്തും. വനിതകളുടെ നേതൃത്വത്തില്‍ ചെറുകിട സംരഭങ്ങള്‍ ആരംഭിക്കുന്നതിനും കുടുംബശ്രീ കണ്‍സോര്‍ഷ്യത്തിന്റെ സഹകരണത്തോടെ ഫുഡ് ക്വാളിറ്റി ലാബ് സാധ്യമാക്കുന്നതിനായി അഞ്ച് കോടിരൂപ മാറ്റിവയ്ക്കും.
പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസനത്തിന്റെ ഭാഗമായി ജോബ് സ്‌കൂള്‍ പദ്ധതി ഗ്രാമീണ മേഖലകളില്‍ വ്യാപിപ്പിക്കുന്നതിലേക്ക് ഒരു കോടി മാറ്റിവയ്ക്കും. മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്, പഠനമുറി, വിദേശ പഠനവും തൊഴിലും, തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍ എന്നിവ നടപ്പിലാക്കുന്നതിനായി 10 കോടി രൂപയും നീക്കി വയ്ക്കും. ആദിവാസി ഭൂമിയില്‍ കൃഷി വ്യാപിപ്പിക്കുന്നതിനായി 15 കോടി രൂപയും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ലൈഫ്, പി. എം. എ. വൈ ഭവന പദ്ധതിക്കായി എട്ട് കോടി രൂപയും വകയിരുത്തും. നൂതന പദ്ധതികളില്‍ ഉള്‍പ്പെടുത്തി പട്ടികജാതിയില്‍പ്പെട്ട വൃദ്ധജനങ്ങള്‍ക്ക് മുറി സജ്ജമാക്കുന്നതിന് രണ്ട് കോടി രൂപയും, കേരളോത്സവം മാതൃകയില്‍ ത്രിതല പഞ്ചായത്തുകളില്‍ ഫുട്ബോള്‍ ലീഗ് നടത്തുന്നതിന് അഞ്ച് ലക്ഷം രൂപയും, പ്രാദേശിക ശാസ്ത്ര വിജ്ഞാന കേന്ദ്രം നിര്‍മ്മിക്കുന്നതിന് 50 ലക്ഷം രൂപയുംവകയിരുത്തും. ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് ഇരുപതോളം സംയുക്ത പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി 15 കോടി രൂപയാണ് വകയിരുത്തിയത്.
2020- 2025 ലെ ഭരണ സമിതിയുടെ അവസാന ബജറ്റാണ് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് സമിതി ഹാളില്‍ നടന്ന ബജറ്റ് അവതരണത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അനിത പോള്‍സണ്‍, ഷാബിറ ടീച്ചര്‍, ശാലിനി കറുപ്പേഷ്, പി.സി നീതു ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments