Skip to main content

മതസാമുദായിക സൗഹൃദ യോഗം ചേര്‍ന്നു പ്രാദേശിക ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം

പൊലീസ് സ്റ്റേഷന്‍ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മതസാമുദായിക സൗഹൃദ യോഗത്തില്‍ ആവശ്യം. പ്രാദേശികമായ ഇടപെടലുണ്ടെങ്കില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടക്കത്തിലേ തടയാനാവുമെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലയിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും മത സാമുദായിക സൗഹാര്‍ദ്ദം ഉറപ്പാക്കുന്നതിനുമായാണ് യോഗം ചേര്‍ന്നത്.
നിലവില്‍ ജില്ലയില്‍ ക്രമസമാധാനപ്രശ്‌നങ്ങളില്ലെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനായി എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും കളക്ടര്‍ പറഞ്ഞു. സംഘര്‍ഷങ്ങളുടെ അടിസ്ഥാന കാരണം ലഹരി ഉപയോഗമാണെന്നും സമൂഹത്തില്‍ ലഹരി ഉപയോഗം വ്യാപകമാവുന്ന ഈ ഘട്ടത്തില്‍  രാഷ്ട്രീയവും സാമൂഹ്യവുമായ ഭിന്നതകള്‍ മാറ്റിവെച്ച് എല്ലാവരും ലഹരിക്കെതിരെ ഒന്നിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് മതസാമുദായിക സൗഹൃദ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും ലഭ്യമാവുന്ന ഏത് ചെറിയ വിവരവും പൊലീസിന് കൈമാറണമെന്നും ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍ യോഗത്തില്‍ പറഞ്ഞു. അന്യ സംസ്ഥാനവുമായി അതിര്‍ത്തി  പങ്കിടുന്ന ജില്ലയുടെ പ്രദേശങ്ങളില്‍ പ്രത്യേകം ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് രാത്രി കാലങ്ങളിലടക്കം പൊലീസിന്റെ നേതൃത്വത്തില്‍ നിരീക്ഷണം നടത്തുന്നുണ്ട്. ലഹരിക്കെതിരെ ശക്തമായ നടപടികള്‍ പൊലീസിന്റെ നേതൃത്വത്തില്‍ സീകരിക്കുന്നുണ്ടെന്നും ലഹരിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നത് പാലക്കാട് ജില്ലയിലാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സ്‌കൂളുകള്‍ തുറക്കുന്ന സമയം കേന്ദ്രീകരിച്ച് പൊലീസ്, എക്സൈസ് എന്നിവയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണം ഊര്‍ജിതമാക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനുകളില്‍ നല്‍കുന്ന പരാതികള്‍ പൊലീസ്  അര്‍ഹിക്കുന്ന ഗൗരവത്തോടെ കണ്ട് നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.  
കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം കെ. മണികണ്ഠന്‍, പാലക്കാട് ആര്‍.ഡി.ഒ ഡി.അമൃതവല്ലി, വിവിധ രാഷ്ട്രീയ പാര്‍ട്ടി, വിവിധ മതസാമുദായിക സംഘടനാ നേതാക്കള്‍, തഹസില്‍ദാര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

date