Skip to main content

മാലിന്യമുക്തം നവകേരളം : കുലുക്കല്ലൂരില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

 

മാലിന്യമുക്തം നവകേരളം കാംപയിനിന്റെ ഭാഗമായി കുലുക്കല്ലൂരിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നു. കഴിഞ്ഞ മൂന്ന് മാസമായി കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗണുകളായ മുളയങ്കാവ്, ചുണ്ടംമ്പറ്റ ടൗണുകള്‍ എല്ലാ മാസവും 26ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കും. ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ശൂചീകരണ തൊഴിലാളികള്‍ എന്നിവരടങ്ങുന്ന പത്ത് പേരാണ് ടൗണുകള്‍ വൃത്തിയാക്കുന്നത്. ജംഗഷ്നുകളില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ നീക്കം ചെയ്യുക, ഓടകള്‍ വൃത്തിയാക്കുക തുടങ്ങിയ വിവിധ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ ഇവര്‍ ചെയ്ത് വരുന്നത്.

ഇതിന് പുറമെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാതയോരങ്ങളും ജംഗഷനുകളും സൗന്ദര്യവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ട്. കടകള്‍ക്ക് മുന്‍പിലുള്ള സ്ഥലത്ത് ചട്ടികളില്‍ പൂച്ചെടികള്‍ വളര്‍ത്താന്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആളുകള്‍ ധാരാളമായി എത്തുന്ന ഇടങ്ങളിലെല്ലാം ബിന്നുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍. നിലവില്‍ ഗ്രാമപഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും രണ്ട് എം.സി.എഫുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രമണി പറഞ്ഞു.  ആളുകള്‍ മാലിന്യം തള്ളുന്ന പ്രദേശങ്ങള്‍ കൃത്യമായി വൃത്തിയാക്കുന്നുണ്ട്. മാലിന്യം പൊതുഇടങ്ങളില്‍ തള്ളുന്നവരെ കണ്ടെത്തുന്നതിനായി സി.സി.ടി.വികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രമണി പറഞ്ഞു.

date