ജെ സി ഡാനിയൽ വെങ്കല പ്രതിമ: നിർമ്മാണ ഉദ്ഘാടനം നാളെ (21 മാർച്ച് 2025)
ജെ സി ഡാനിയൽ വെങ്കല പ്രതിമ: നിർമ്മാണ ഉദ്ഘാടനം നാളെ (21 മാർച്ച് 2025)
മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ സി ഡാനിയലിന്റെ വെങ്കല പ്രതിമ ഒരുങ്ങുന്നു. നിർമ്മാണ ഉദ്ഘാടനം തിരുവനന്തപുരം ശ്രീ തിയേറ്ററിൽ വച്ച് ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. മാർച്ച് 21 ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഉദ്ഘാടനം. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ അമ്പതാം വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് സ്റ്റുഡിയോ ക്യാമ്പസിൽ സ്ഥാപിക്കുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ആണ് പ്രതിമ നിർമ്മിക്കുന്നത്.
പത്തടി ഉയരത്തിലെ വെങ്കല പ്രതിമയാണ് ശില്പി കുന്നുവിള എം. മുരളി രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഏഴര അടി ഉയരത്തിലെ പീഠത്തിലാണ് പ്രതിമ നിലകൊള്ളുക. 50 ലക്ഷം രൂപ ചിലവിലാണ് പ്രതിമ നിർമ്മാണം.
ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകും. ആന്റണി രാജു എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, തമ്പാനൂർ വാർഡ് കൗൺസിലർ ഹരികുമാർ സി., അഡീഷണൽ ചീഫ് സെക്രട്ടറി (സാംസ്‌കാരിക വകുപ്പ്) ഡോ. രാജൻ എൻ ഖോബ്രഗഡെ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ. കരുൺ, കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ, കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തകർ ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ കെ, കെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടർ പ്രിയദർശനൻ പി എസ്, ഭരണസമിതി അംഗങ്ങളായ പി സുകുമാർ, ജിത്തു കോളയാട്, ഇർഷാദ് അലി, ഷെറിൻ ഗോവിന്ദൻ, ജെ.സി. ഡാനിയന്റെ മകൻ ഹാരിസ് ഡാനിയൽ തുടങ്ങിയവർ പങ്കെടുക്കും.
മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചലച്ചിത്രമായ വിഗതകുമാരന്റെ നിർമാതാവും സംവിധായകനുമായിരുന്നു ജെ സി ഡാനിയൽ അഥവ ജോസഫ് ചെല്ലയ്യ ഡാനിയൽ. വിഗതകുമാരന്റെ ഛായാഗ്രഹണവും നിർവഹിച്ചത് ഡാനിയലാണ്.
പി.എൻ.എക്സ് 1236/2025
- Log in to post comments