കഴക്കൂട്ടം ഹയര്‍സെക്കന്ററി സ്‌കൂളില്‍ വര്‍ണകൂടാരം ഒരുങ്ങുന്നു
കഴക്കൂട്ടം സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്രീ പ്രൈമറി വര്‍ണകൂടാരത്തിന്റെ നിര്‍മാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പ്രീ പ്രൈമറി തലത്തിലുള്ള പ്രാഥമിക വിദ്യാഭ്യാസത്തിന് അടിത്തറയിടുന്നതും കുട്ടികളുടെ സമഗ്രമായ വികാസത്തിന് പ്രാധാന്യം നല്‍കുന്നതുമായ പദ്ധതിയാണ് വര്‍ണകൂടാരമെന്ന് എംഎല്‍എ പറഞ്ഞു.
കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ 13 സ്‌കൂളുകളില്‍ വര്‍ണകൂടാരം നടപ്പിലാക്കിയിട്ടുണ്ട്. സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയാണ് വര്‍ണകൂടാരം ഒരുക്കാന്‍ വിനിയോഗിക്കുന്നത്. അധ്യാപകരുടെ നേതൃത്വത്തില്‍ രക്ഷകര്‍ത്താക്കളെ ഉൾപ്പെടുത്തി ഒരു വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ച്, വര്‍ണകൂടാരം നടപ്പിലാക്കണമെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു.
പരമ്പരാഗതമായ പ്രാഥമിക വിദ്യാഭ്യാസ രീതികളെ മാറ്റിനിര്‍ത്തി ആധുനിക രീതിയില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിയാണ് വര്‍ണകൂടാരം. സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച പദ്ധതിയാണ് സ്റ്റാർസ്.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കഴക്കൂട്ടം വാര്‍ഡ് കൗണ്‍സിലര്‍ കവിത എല്‍.എസ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീജ, പ്രിന്‍സിപ്പല്‍ ബിന്ദു, കണിയാപുരം ബിആര്‍സി ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments