Skip to main content

വക്കം-മങ്കുഴി മത്സ്യ മാര്‍ക്കറ്റുകള്‍ അത്യാധുനിക നിലവാരത്തിലേക്ക്

#മത്സ്യ മാർക്കറ്റുകളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കും#

വക്കം ഗ്രാമപഞ്ചായത്തിന്റെയും നിലയ്ക്കാമുക്ക് നിവാസികളുടെയും ചിരകാല അഭിലാഷമായിരുന്ന നിലയ്ക്കാമുക്ക്, വക്കം-മങ്കുഴി മത്സ്യ മാര്‍ക്കറ്റുകള്‍ അത്യാധുനിക നിലവാരത്തില്‍ നിർമ്മിക്കുന്നു. മത്സ്യ മാർക്കറ്റുകളുടെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഇന്ന് (മാർച്ച് 21) നിർവഹിക്കും.

വക്കം-മങ്കുഴി മത്സ്യമാര്‍ക്കറ്റില്‍ 391.31 ച.മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ച ഒരു നില കെട്ടിടത്തില്‍ 18 മത്സ്യ വില്‍പ്പന സ്റ്റാളുകള്‍, 8 കടമുറികള്‍, 2 കോള്‍ഡ് സ്റ്റോറേജ് മുറികള്‍, 3 ബുച്ചര്‍ സ്റ്റാളുകള്‍, പ്രിപ്പറേഷന്‍ മുറി, ഫ്രീസര്‍ മുറി, സ്റ്റോര്‍, ശുചിമുറികള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.

നിലയ്ക്കാമുക്ക് മത്സ്യമാര്‍ക്കറ്റില്‍ 439 ച.മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ച ഒരു നില കെട്ടിടത്തില്‍ 15 മത്സ്യ വില്‍പ്പന സ്റ്റാളുകള്‍, 5 കടമുറികള്‍, 3 ബുച്ചര്‍ സ്റ്റാളുകള്‍, പ്രിപ്പറേഷന്‍ മുറി, ഫ്രീസ്റ്റര്‍ മുറി, ദിവസ കച്ചവടക്കാര്‍ക്കായുള്ള സ്ഥലം ശുചിമുറികള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതു കൂടാതെ രണ്ട് വിപണന സ്റ്റാളുകളിലും സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഡിസ്സ്‌പ്ലേ ട്രോളികള്‍, സിങ്കുകള്‍, ഡ്രയിനേജ് സംവിധാനം, മാന്‍ഹോളുകള്‍ തുടങ്ങിയവയും സജ്ജമാക്കും. കൂടാതെ മാലിന്യ സംസ്‌കരണത്തിനായി എഫ്‌ലുവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സംവിധാനവും ഒരുക്കുന്നുണ്ട്. ഇതോടെ പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാന്‍ കഴിയുന്ന വിധത്തിലാണ് മാര്‍ക്കറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വക്കം പഞ്ചായത്തിലെ മങ്കുഴി, നിലയ്ക്കാമുക്ക് എന്നിവിടങ്ങളില്‍ ആധുനിക മത്സ്യ മാര്‍ക്കറ്റ് സ്ഥാപിക്കുന്നതിനായി കിഫ്ബി ഫണ്ടില്‍ നിന്ന് യഥാക്രമം ഒരു കോടി 95 ലക്ഷം, ഒരു കോടി 55 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനം ഒട്ടാകെ ആധുനിക മത്സ്യമാര്‍ക്കറ്റുകളുടെ ഒരു ശ്യംഖല സ്ഥാപിക്കുന്ന പദ്ധതി കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വക്കം പഞ്ചായത്തില്‍ മങ്കുഴി, നിലയ്ക്കാമുക്ക് എന്നിവിടങ്ങളില്‍ ആധുനിക മത്സ്യ മാര്‍ക്കറ്റുകള്‍ യാഥാർത്ഥ്യമാകുന്നത്. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേനയാണ് മാര്‍ക്കറ്റുകള്‍ നിര്‍മിക്കുന്നത്.

സംസ്ഥാനത്തെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മത്സ്യമാര്‍ക്കറ്റുകള്‍ നവീകരിച്ച് അത്യാധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതോടുകൂടി മത്സ്യ വിപണന രംഗത്ത് വലിയ മാറ്റം കൈവരിക്കുവാന്‍ സര്‍ക്കാരിന് സാധിച്ചിരിക്കുകയാണ്.

date