Skip to main content

വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കളക്ടര്‍ ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു;   *ചേര്‍പ്പ് ഗവ. വി.എച്ച്.എസ്.എസ്‌ലെ ഗണിത ലാബ് ഇനി ഹൈടെക്കാകും

 ചേര്‍പ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗണിത ലാബിലേക്കുള്ള ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വ്വഹിച്ചു. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത (സിഎസ്ആര്‍) ഫണ്ട് ഉപയോഗിച്ചാണ് സ്‌കൂളിന് ലാപ്‌ടോപുകള്‍ ലഭ്യമാക്കിയത്. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍ മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കളിയത്ത് എന്നിവര്‍ ജില്ലാ കളക്ടര്‍ക്കും സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രതിനിധികള്‍ക്കും സ്‌നേഹോപഹാരം സമ്മാനിച്ചു.

ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനായി ജില്ലാ കളക്ടര്‍ നടത്തുന്ന മുഖാമുഖം മീറ്റ് ദി കളക്ടര്‍ പരിപാടിയില്‍ ജനുവരി 15 ന് പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഗവ.വി.എച്ച്.എസ.്എസ് ചേര്‍പ്പിലെ കുട്ടികള്‍ തങ്ങളുടെ ഗണിത ലാബില്‍ ലാപ്‌ടോപ്പുകള്‍ പരിമിതമായതിനാല്‍ ആവശ്യമായ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. കുട്ടികളുടെ ആവശ്യം മനസിലാക്കിയ ജില്ലാ കളക്ടര്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃശ്ശൂര്‍ റീജ്യണല്‍ ബാങ്ക് മാനേജരുമായി ചര്‍ച്ചചെയ്ത് അവരുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നാണ് പത്തോളം ലാപ്‌ടോപ്പുകള്‍ നല്‍കാന്‍ തീരുമാനമായത്.

 അന്തര്‍ദേശീയ ഹാപ്പിനസ് ദിനത്തില്‍ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം വി.ജി വനജകുമാരി അധ്യക്ഷയായി. വിഎച്ച്എസ്ഇ വിഭാഗം പ്രിന്‍സിപ്പല്‍ ഡി.എസ് മനു, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ പ്രീതി വര്‍ഗ്ഗീസ്, ഹെഡ്മാസ്റ്റര്‍ സി.എസ് രാജു, സൗത്ത് ഇന്ത്യന്‍ ബാങ്ക് ജനറല്‍ മാനേജറും റീജണല്‍ ഹെഡുമായ വി.ആര്‍ രേഖ, പിടിഎ പ്രസിഡണ്ട് എം.എസ് അലക്‌സി, എസ്എംസി ചെയര്‍മാന്‍ പി.എ ഷമീര്‍, മറ്റംഗങ്ങളായ വി.എച്ച് ഹുസൈന്‍, കെ.എം രേഖ, സ്റ്റാഫ് സെക്രട്ടറി കെ. ഹേമ തുടങ്ങിയവര്‍ സംസാരിച്ചു.

date