ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് എം. ഫ്രാന്‍സീന ഷാജു അവതരിപ്പിച്ചു. 29,51,16,962 രൂപ ആകെ വരവും 29,05,72,854 രൂപ ആകെ ചെലവും 45,44,108 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് 2025-26 വര്‍ഷത്തെ ബജറ്റ്.
ഉല്‍പ്പാദന മേഖല, വയോമിത്രം സാമൂഹ്യ സുരക്ഷ മിഷന്‍ വിഹിതം നല്‍കല്‍, മറവിരോഗം, വാട്ടര്‍ എടിഎം, പശ്ചാത്തല മേഖല, ആരോഗ്യ മേഖല, സാനിറ്ററി നാപ്കിന്‍ ഇന്‍സിനേറ്റര്‍ സ്ഥാപിക്കല്‍, ഖാദി വ്യവസായ തറി വാങ്ങി നല്‍കല്‍, മാലിന്യ മുക്തം നവകേരളം, കൗ ലിഫ്റ്റ് സ്ഥാപിക്കല്‍, പെഡല്‍ ബോട്ട് സൗകര്യം ഒരുക്കല്‍, ഭവന നിര്‍മ്മാണം, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ വിഭാഗങ്ങളിലേക്ക് തുക ബജറ്റില്‍ വകയിരുത്തി.
ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ബജറ്റ് അവതരണത്തില്‍ പ്രസിഡന്റ് കെ.ആര്‍ രവി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.എസ് വിനയന്‍, മാടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹന്‍, നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് എന്നിവര്‍ ബഡ്ജറ്റ് അവതരണത്തിന് ആശംസകള്‍ നേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ പി.എസ് ബാബു, സിനി പ്രദീപ് കുമാര്‍, സുരേഷ് ബാബു, സെക്രട്ടറി സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ബജറ്റ് അവതരണത്തില്‍ പങ്കെടുത്തു.
- Log in to post comments