Skip to main content

മേഞ്ചിറ പാടശേഖരത്തിൽ ജലസേചന പൈപ്പ് ലൈൻ

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് തോളൂർ ഗ്രാമപഞ്ചായത്തിലെ മേഞ്ചിറ പാടശേഖരത്തിൽ സ്ഥാപിച്ച കൃഷി ജലസേചന പൈപ്പ് ലൈനിൻ്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം ജിമ്മി ചൂണ്ടൽ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീകല കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു.

മേഞ്ചിറ പാടശേഖരത്തിലെ പത്രോപുല്ലി, ചെറുമുക്ക് തുടങ്ങിയ ഉയരം കൂടിയ ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് കർഷകർ വർഷങ്ങളായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് ഇതോടെ പരിഹാരമായി. ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ആറ് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്. 400 മീറ്റർ ദൂരം ആറ് മീറ്റർ വ്യാസത്തിൽ സ്ഥാപിച്ച പൈപ്പ് ലൈനിലൂടെയാണ്  പദ്ധതി പ്രകാരം പാടശേഖരത്തിലേക്ക് ജലമെത്തിക്കുന്നത്. 200 ഏക്കറോളം വരുന്ന സ്ഥലത്ത് നെൽകർഷകർക്കാണ് പദ്ധതി കൂടുതൽ പ്രയോജനപ്പെടുകയെന്ന് ജില്ലാ പഞ്ചായത്തംഗം പറഞ്ഞു. പറപ്പൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എ. കെ സുബ്രഹ്മണ്യൻ മുഖ്യാതിഥിയായി.

സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ഷീന വിൽസൺ, സരസമ്മ സുബ്രഹ്മണ്യൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ വി. കെ രഘുനാഥൻ, കെ. ജി പോൾസൺ, ഷീന തോമസ്, മേഞ്ചിറ പടവ് കമ്മിറ്റി കൺവീനർ കെ. കുഞ്ഞുണ്ണി, പഞ്ചായത്ത് സെക്രട്ടറി അനൂപ് കുമാർ, എ. വിജയകുമാർ, ശശി കൊടപ്പന തുടങ്ങിയവർ സംസാരിച്ചു.

date